രാജ്യത്തെ ആദ്യ ദയാമരണം: വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി, കോമയിൽ കഴിഞ്ഞത് 13 വർഷം
ദില്ലി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത്.
ഹരീഷ് റാണയുടെ ദയാമരണത്തിനായുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ആദ്യം നീക്കം ചെയ്തു. എയിംസിലെ ഡോ സീമ മിശ്ര അടക്കം 10 ഡോക്ടർമാരാണ് ദയാവധ നടപടികൾക്ക് നേതൃത്വം നൽകിയത്. മരണം വേഗത്തിലാക്കുക എന്നതല്ല വേദനയില്ലാത്ത മരണം എന്നതാണ് ലക്ഷ്യമെന്ന് ആയിരുന്നു ഡോക്ടർമാരുടെ സംഘം പറഞ്ഞത്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
ചലനമറ്റ് കഴിഞ്ഞ പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് നീതി നൽകികൊണ്ടുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെ ദയവധം നൽകണമെന്ന് അപേക്ഷിച്ച് വൃദ്ധമാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലന്ന് ഡോക്ടർമാർ വ്യക്തമാക്കിയെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു. ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജെപി പർദ്ദിവാലാ,ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവർ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.
ചികിത്സ തുടരുന്നത് കൊണ്ട് പുരോഗതിയുണ്ടാകില്ലെന്ന ഡോക്ടർമാർ വ്യക്തമാക്കിയെന്നും കോടതി അറിയിച്ചിരുന്നു. എയിംസിലെ പാലിയേറ്റീവ് കെയറില്‍ പ്രവേശിപ്പിച്ച് ദയാവധം നടപ്പാക്കാനാണ് കോടതി നിര്‍ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളും കോടതി നൽകിയിരുന്നു. റാണയുടെകുടുംബത്തിന്റെ പ്രവർത്തി നിസ്വാർത്ഥമെന്ന് ജസ്റ്റിസ് ജെബി പർദ്ദിവാലാ പറഞ്ഞു. അന്തസായ മരണത്തിന് രോഗിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ അഭിപ്രായപ്പെട്ടു.
2018ൽ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയാണിത്. ചണ്ഡിഗഡില്‍ സിവില്‍ എന്‍ജിനീയറിങ്ങ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ലാണ്ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് ഗുരുതപരിക്കേറ്റത്. കേസിൽ ഹരീഷിന്റെ മാതാപിതാക്കൾക്കായി മലയാളി അഭിഭാഷകൻ രശ്മി നന്ദകുമാറാണ് ഹാജരായത്.
Post a Comment