100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് വിഡി സതീശൻ, 5 ഗ്യാരണ്ടികളും നടപ്പാക്കും, ആവേശമായി കോഴിക്കോട്ടെ യു.ഡി.എഫ് മഹാറാലി
കോഴിക്കോട്: യു.ഡി.എഫ് 100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഞ്ച് ഗ്യാരണ്ടികളും നടപ്പാക്കുമെന്നും കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ വിഡി സതീശൻ പറഞ്ഞു. മഹാറാലിയിൽ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം സച്ചിൻ പൈലറ്റ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെ സുധാകരൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ഷാഫി പറമ്പിൽ, എംകെ രാഘവൻ എംപി തുടങ്ങിയ നേതാക്കളും പങ്കെടുത്തു. മഹാ റാലിയിലെത്തിയ ഖര്‍ഗെ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കോണ്‍ഗ്രസിന്‍റെ അഞ്ച് ഗ്യാരണ്ടികള്‍ പരസ്യപ്പെടുത്തിയുള്ള ബസിന്‍റെ ഫ്ലാഗ് ഓഫും ഖര്‍ഗെ നിര്‍വഹിച്ചു. ആര്‍ജെഡി നേതാവും മുൻ ഡെപ്യൂട്ടി മേയറുമായ കിഷൻ ചന്ദും പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെങ്കിലും ഓണ്‍ലൈനായി സംസാരിക്കും.പിണറായിയുടെ യഥാർത്ഥ മുഖം പുറത്തുവന്നത് പരാജയ ഭീതിയിലാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.പോകുന്ന പോക്കിൽ 200 ഓളം ബാറുകൾക്ക് ലൈസൻസ് നീട്ടിക്കൊടുത്തു. പരാജയം ആദ്യം തിരിച്ചറിഞ്ഞത് പിണറായി ആണെന്നും അതുകൊണ്ടാണ് പിണറായിയുടെ യഥാർത്ഥ മുഖം പുറത്തുവന്നതെന്നും പിആര്‍ വര്‍ക്ക് കൊണ്ടൊന്നും കാര്യമില്ലെന്നും പോകുന്ന പോക്കിൽ കടും വെട്ട് നടത്തുന്നുവെന്നും 200 ബാറുകള്‍ക്ക് ക്ലാസിഫിക്കേഷനില്ലാതെ അനുമതി നൽകിയെന്നും കെസി വേണുഗോപാൽ ആരോപിച്ചു. പിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് കീഴടങ്ങി. പിണറായി മോദിക്കും കീഴടങ്ങി. ഇതാണ് ഇരുവരും തമ്മിലുള്ള ഡീലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
Post a Comment