സൗദി ആകാശത്ത് വീണ്ടും സംഘർഷം; ഇന്ന് തൊടുത്തത് രണ്ട് ക്രൂയിസ് മിസൈലുകളും 10 ഡ്രോണുകളും, പ്രതിരോധിച്ചതായി അധികൃതർ
റിയാദ്: ബുധനാഴ്ച സൗദി അറേബ്യയുടെ ആകാശപരിധിയിൽ പ്രവേശിച്ച രണ്ട് ക്രൂയിസ് മിസൈലുകളും 10 ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. അൽ ഖർജ് മേഖലയിൽ വെച്ചാണ് മിസൈലുകൾ തകർത്തത്. ഇതിനുപുറമെ രാജ്യത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലായി ഒമ്പത് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിൽ ഒരു ഡ്രോണും തകർത്തതായും അദ്ദേഹം വ്യക്തമാക്കി.
റിയാദിലെ യുഎസ് എംബസി കെട്ടിടത്തിന് നേരെ ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തെ സൗദി അറേബ്യ കഴിഞ്ഞ ദിവസം (ചൊവ്വ) ശക്തമായി അപലപിച്ചിരുന്നു. തങ്ങളുടെ മണ്ണോ ആകാശമോ ഇറാനെതിരെ ആക്രമണം നടത്താൻ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയിട്ടും ഇറാൻ ഇത്തരം പ്രകോപനങ്ങൾ തുടരുന്നത് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പാക്കാൻ തിരിച്ചടി ഉൾപ്പെടെയുള്ള ഏത് നടപടിയും സ്വീകരിക്കാൻ സൗദി അറേബ്യക്ക് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ ആവർത്തിച്ചു.
ഡ്രോൺ കണ്ടാൽ അറിയിക്കണം
ശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡ്രോൺ ആക്രമണം തടയാൻ ജനങ്ങളുടെ സഹകരണം തേടി ഒമാൻ ഭരണകൂടം. ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രവാസികളോടും പൗരന്മാരോടുമാണ് അറിയിപ്പ്. രാജ്യത്തേക്ക് വരുന്ന ഡ്രോണുകൾ കണ്ടാൽ വിവരം നൽകണം. രാജ്യത്തിന് നേരെയുള്ള ആക്രമണം ഒരുമിച്ച് നേരിടുന്നതിന്റെ ഭാഗമായാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ ആകാശപരിധിയിൽ സുരക്ഷാ ജാഗ്രത ഒമാൻ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഡ്രോണുകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളുടെയും അനുമതികൾ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment