അതിവേഗ റെയിൽ പാതയുമായി മെട്രോമാൻ മുന്നോട്ട്, പൊന്നാനിയിൽ ഓഫീസ് തുറന്നു
മലപ്പുറം: അതിവേഗ റെയിൽ പാത പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ട്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. തന്‍റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുയെന്ന് ഇ ശ്രീധരൻ പറഞ്ഞു. പിന്നാലെ ജനങ്ങളിലേക്ക് ഈ പദ്ധതിയുടെ വിശദാംശങ്ങളുമായി ഇറങ്ങാനാണ് ഇ. ശ്രീധരന്‍റെ തീരുമാനം. ഫെബ്രുവരി 15 മുതൽ യോഗങ്ങൾ നടത്തും. ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും. പിന്നാലെ പദ്ധതി പ്രകാരം ട്രെയിൻ കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗം നടത്തി കാര്യങ്ങള്‍ വിശദീകരിക്കും.
ഓഫീസ് തുറന്നതോടെ ഇന്ന് മുതൽ അതിവേഗ റെയിൽ പാത പദ്ധതിയുടെ ഔദ്യോഗിക പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ജീവനക്കാര്‍ ഒരോരുത്തരായി എത്തിച്ചേരുമെന്നും ഒരോരുത്തര്‍ക്കും ആവശ്യമായ നിര്‍ദേശം നൽകുമെന്നും ഓഫീസ് ഉദ്ഘാടനത്തിനുശേഷം ഇ ശ്രീധരൻ പ്രതികരിച്ചു. എന്ത് ചെയ്യുമ്പോഴും നാട്ടുകാര്‍ക്ക് ഉപദ്രവം ഉണ്ടാകാതെ അവര്‍ക്ക് പ്രയോജനമുണ്ടാകുന്ന രീതിയിൽ ചെയ്യണം. പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിച്ച് മുന്നോട്ടുപോകണം. സമയമാണ് ഇവിടെ പണം. വേഗം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണം. കൊങ്കണ്‍ റെയിൽവെയുടെ ഡിപിആര്‍ അടക്കം തയ്യാറാക്കിയ ആത്മവിശ്വാസമുണ്ട്. ഏപ്രിലിൽ ഫീൽഡ് വര്‍ക്ക് ആരംഭിക്കും. പാതയുടെ അലൈന്‍മെന്‍റ് അടക്കം തീരുമാനിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. നിലവിൽ ഏതൊക്കെ സ്റ്റേഷനുകളാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്.
അവ എവിടെയാണ് നിര്‍മിക്കേണ്ടതെന്നതടക്കമുള്ള കാര്യങ്ങളും ഫീൽഡ് വര്‍ക്കിലൂടെ തീരുമാനിക്കും. 22 റെയിൽവെ സ്റ്റേഷനുകളാണ് വേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട ഫീൽഡ് വര്‍ക്ക് ജൂണിന് മുമ്പായി തീര്‍ക്കും. സര്‍വേ നടപടികളാണ് പിന്നീട് ആരംഭിക്കേണ്ടത്. ഇതിനായി പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം. ആളുകളെ വിശ്വാസത്തിലെടുത്താൽ പിന്നെ പേടിക്കേണ്ട കാര്യമില്ല. സര്‍വേ ആളുകള്‍ നേരിട്ടായിരിക്കും ചെയ്യുക. പിന്നീട് എത്ര ഭൂമി ഏറ്റെടുക്കണമെന്നതടക്കം തീരുമാനിക്കും. ഇപ്പോള്‍ തത്കാലം മഞ്ഞക്കുറ്റികളൊന്നും അടിക്കില്ലെന്നും. ഇ ശ്രീധരൻ പറഞ്ഞു. ഏതൊക്കെ ഭൂമിയാണ് വേണ്ടതെന്നടക്കം തീരുമാനിച്ചശേഷം അതിനുള്ള ചെലവും കണക്കാക്കും. 20 മീറ്റര്‍ വീതിയാണ് പാതക്ക് ആവശ്യമായിട്ടുള്ളത്. അതിൽ ജനങ്ങളുടെ പ്രശ്നങ്ങളടക്കം കണക്കിലെടുത്തായിരിക്കും പദ്ധതിയുമായി മുന്നോട്ടുപോവുകയെന്നും ഇ ശ്രീധരൻ പറഞ്ഞു.
Post a Comment