Join News @ Iritty Whats App Group

‘ഏകാധിപത്യം സഭയില്‍ അനുവദിക്കില്ല, പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല’; പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല, ഇറങ്ങിപ്പോയി പ്രതിപക്ഷം; ലോക്‌സഭയില്‍ നടത്താനാവാത്ത നന്ദി പ്രമേയവുമായി നരേന്ദ്ര മോദി രാജ്യസഭയില്‍


‘ഏകാധിപത്യം സഭയില്‍ അനുവദിക്കില്ല, പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല’; പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല, ഇറങ്ങിപ്പോയി പ്രതിപക്ഷം; ലോക്‌സഭയില്‍ നടത്താനാവാത്ത നന്ദി പ്രമേയവുമായി നരേന്ദ്ര മോദി രാജ്യസഭയില്‍


ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടത്താതിരുന്ന രാഷ്ട്രപതിയുടെ പ്രസംഗത്തിന് പിന്നാലെയുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം രാജ്യസഭയില്‍. 2004ന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയം പാസാക്കി ലോക്സഭ അസാധാരണ നീക്കം നടത്തിയിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്തില്‍ പ്രധാനമന്ത്രി സംസാരിക്കാന്‍ കഴിയാതെയിരുന്നതോടെയാണ് രാജ്യസഭയില്‍ പ്രസംഗിക്കാന്‍ ബിജെപിയും സര്‍ക്കാരും തീരുമാനിച്ചത്. പക്ഷേ രാജ്യസഭയിലും പ്രധാനമന്ത്രി പ്രസംഗിക്കാനെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു.

മോദി പ്രസംഗിക്കാനായി എത്തിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധിച്ചു തുടങ്ങുകയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിക്കാനായി എഴുന്നേല്‍ക്കുകയും ചെയ്തു. എന്നാല്‍ അനുവദിക്കാനാകില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ അനുവദിക്കണമെന്നും പ്രതിപക്ഷ ശബ്ദം ഉയര്‍ത്താന്‍ അനുവദിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. മോദി മോദി എന്ന് വിളിച്ചുകൊണ്ട് ഭരണപക്ഷം മോദിയെ വരവേറ്റപ്പോള്‍
ഏകാധിപത്യം സഭയില്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. നെഹ്‌റുവിനെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയയുടനെ, പ്രതിപക്ഷ എംപിമാര്‍ സ്വേച്ഛാധിപത്യത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടെ മോദിയുടെ ശബ്ദം കേള്‍ക്കാന്‍ ബുദ്ധിമുട്ടായി തുടങ്ങി. ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് നരേന്ദ്ര മോദി പരിഹസിച്ചു. ഖര്‍ഗെയുടെ പ്രായംവെച്ചു അദ്ദേഹം ഇരുന്ന് പ്രതിഷേധിച്ചാലും മതിയാകുമെന്നും യുവാക്കള്‍ ഒരുപാടുണ്ടല്ലോയെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിച്ചു പുറത്തേക്ക് പോയി.

പിന്നീടാണ് ഭരണപക്ഷ അംഗങ്ങള്‍ക്ക് വേണ്ടി മാത്രമായി പ്രധാനമന്ത്രി പ്രസംഗം നടത്തിയത്. പ്രതിഷേധിക്കാന്‍ ആരുമില്ലെന്ന് കണ്ടതോടെ സ്ഥിരം പുകഴ്ത്തല്‍ രീതിയിലേക്ക് നരേന്ദ്ര മോദി മാറി. ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വര്‍ഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പറഞ്ഞു. വികസനത്തിന്റെ ദിശ രാഷ്ട്രപതി പ്രസംഗത്തില്‍ കാണിച്ചുവെന്നും രാജ്യത്തിന് ഇനി പിന്നോട്ട് പോകാനാവില്ലെന്നുമെല്ലാം മോദി പറഞ്ഞു. ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നും എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നുമെല്ലാം ഭരണത്തെ പുകഴ്ത്തി പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തിക രംഗത്ത് വലിയ വികസനം കൈവരിച്ചുവെന്നും വിലക്കയറ്റം പിടിച്ചു നിര്‍ത്തിയെന്നും മോദി അവകാശപ്പെട്ടു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ കുതിക്കുകയാണെന്നും എല്ലാ മേഖലകളിലും ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണെന്നും പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. ലോകം കോവിഡിനുശേഷം പുതിയക്രമത്തിലാണ് പോകുന്നത്. ലോകം ഇന്ത്യയുടെ പക്ഷത്തേക്ക് തിരിയുകയാണെന്നും ഇത് സന്തോഷമുള്ള കാര്യമാണെന്നും ഒമ്പത് വലിയ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയെന്നും മോദി പറഞ്ഞു.

ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായാണ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പ്രസംഗത്തിന് ലോക്സഭ വ്യാഴാഴ്ച അംഗീകാരം നല്‍കിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് നന്ദിപ്രമേയത്തില്‍ ഇന്നും മറുപടി നല്‍കാന്‍ ലോകസ്ഭയില്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് രാജ്യസഭയില്‍ മറുപടി പ്രസംഗം നടത്തിയത്. നന്ദി പ്രമേയത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ചയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള ബഹളത്തിനും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ സ്പീക്കര്‍ ലോക്സഭ ഉച്ചവരെ നിര്‍ത്തിവക്കുകയായിരുന്നു. ഇന്ന് രാവിലെ ഒരു മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള നന്ദി പ്രമേയം വായിക്കുകയും ശബ്ദവോട്ടിലൂടെ പ്രമേയം പാസാക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group