മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവം; കേസെടുത്ത് പൊലീസ്, എഫ്ഐആറില്‍ നടന്‍റെ പേരില്ല
തിരുവനന്തപുരം:നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പൊലീസ്. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില്‍ നടന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ല. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും എഫ്ഐആറില്‍ പറയുന്നു. യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ജീവഹാനി സംഭവിക്കുന്ന തരത്തിൽ വാഹനം ഓടിച്ചു. അതിനിടെ മണിയന്‍പിള്ള രാജു പൊലീസ് സ്റ്റേഷമില്‍ ഹാജരായി. മണിയൻപിള്ള രാജ്യവിൻ്റെ മെഡിക്കൽ പരിശോധന ഉടൻ നടത്തും. 12 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയാൽ ലഹരി ഉപയോഗം കണ്ടെത്താം. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.
തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായ പരിക്കേറ്റു. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി തന്നെ നടന്‍റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് നടൻ മണിയന്‍പിള്ള രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
Post a Comment