Join News @ Iritty Whats App Group

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി വെള്ളാപ്പള്ളി, പിണറായി ഹാട്രിക് അടിക്കുമെന്നും പ്രവചനം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി വെള്ളാപ്പള്ളി, പിണറായി ഹാട്രിക് അടിക്കുമെന്നും പ്രവചനം


കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പാർട്ടിക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ശതമാനം വർധിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊച്ചി പൊന്നുരുന്നിയിൽ നടന്ന എസ്‌എൻഡിപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പിണറായി വിജയൻ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു. നിലവിലെ സർക്കാരിനെക്കുറിച്ച് തനിക്ക് മോശം അഭിപ്രായമില്ലെന്നും എൽഡിഎഫ് ഭരണത്തിന് തുടർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. അദ്ദേഹം വന്നതിന് ശേഷം പാർട്ടിക്ക് കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് നില മെച്ചപ്പെടുത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സമുദായത്തിൽപ്പെട്ടവർ അവരവരുടെ വിശ്വാസത്തിനനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് വരെയുള്ള ഒരു ആയുധം മാത്രമാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. തെരഞ്ഞെടുപ്പ് വരെ ഈ കേസ് ലൈവായി നിൽക്കും. അത് കഴിഞ്ഞാൽ സ്വർണവും കാണില്ല, പാളിയും കാണില്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ വിഷയത്തിൽ ചർച്ചകൾ പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ ചർച്ച ചെയ്യപ്പെട്ട എസ്‌എൻഡിപി-എൻഎസ്‌എസ് ഐക്യ നീക്കങ്ങൾ ഇനി വേണ്ടെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.

സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ചുള്ള മാധ്യമ വിചാരണകൾ അവസാനിപ്പിക്കണം. ഈ വിഷയം ഇനി ചർച്ചയാകേണ്ടതില്ല. സമുദായത്തിൽ നിന്നുള്ള പ്രത്യേക സ്ഥാനാർത്ഥി വേണമെന്ന് എസ്‌എൻഡിപി ആവശ്യപ്പെടില്ല. എന്നാൽ, സ്ഥാനാർത്ഥി നിർണയം പൂർത്തിയായ ശേഷം ബോർഡ് യോഗം ചേർന്ന് ഔദ്യോഗിക അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group