'കെ റെയിൽ അടഞ്ഞ അധ്യായം'; മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം ഉടൻ പഴയപടിയാകുമെന്ന് ബിനോയ് വിശ്വം
കോഴിക്കോട്: കെ റെയിൽ അടഞ്ഞ അധ്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടൻ പഴയപടിയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന് അതിവേഗ റെയിൽ പാത വേണം. അത് ഏതു പദ്ധതിയാണെങ്കിലും കുഴപ്പമില്ല. ഇക്കാര്യത്തിൽ കേരളത്തിന് പിടിവാശിയില്ല. കേരളത്തിലെ ഭൂലഭ്യത അനുസരിച്ചുള്ള പദ്ധതി വേണം. എയിംസ് വെറും വാക്കിൽ ഒതുങ്ങരുതെന്നും കോഴിക്ക് മുല വരും എന്ന് പറയുന്ന പോലെ ആക്കരുതെന്നും ബിനോയ് വിശ്വം പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനായി എൽഡിഎഫിൽ സീറ്റ് വിഭജനം തുടങ്ങിയിട്ടില്ല. സിപിഐ ഇത്തവണ കൂടുതൽ സീറ്റ് ചോദിക്കില്ല. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും.ശശി തരൂർ കോൺഗ്രസിൽ തുടരും എന്നതിന് എത്ര മാസം ഉറപ്പുണ്ടെന്നും മോദിയെ പുകഴ്ത്തുന്നത് തുടരുന്ന തരൂർ എങ്ങിനെ കോൺഗ്രസിൽ തുടരുമെന്നും ബിനോയ് വിശ്വം ചോദിച്ചു. തരൂരിനെ സിപിഎം ക്ഷണിച്ചുവെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിൽ നിന്ന് ആരും യുഡിഎഫിലേക്ക് പോകില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മിന് യുഡിഎഫ് ഇട്ട ചൂണ്ട ഒടിയുമെന്നും യുഡിഎഫിന്‍റെ ഗതികേട് കൊണ്ടാണ് ഒരോ പാര്‍ട്ടിയെ ക്ഷണിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. കെ മുരളീധരന്‍റെ മത്സരത്തിനില്ലെന്ന പരാമര്‍ശം തോൽവി ഉറപ്പായത് കൊണ്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Post a Comment