Join News @ Iritty Whats App Group

സുപ്രധാന നിര്‍ദേശവുമായി ഹൈക്കോടതി; 'അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണം, നിയമങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കരുത്'

സുപ്രധാന നിര്‍ദേശവുമായി ഹൈക്കോടതി; 'അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണം, നിയമങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കരുത്'


കൊച്ചി: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളിയ ഹൈക്കോടതി നിര്‍ണായക നിര്‍ദേശങ്ങളും വാക്കാൽ പരാമര്‍ശിച്ചു. സംഭവം ആചാര ലംഘനമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി തള്ളിയത്. ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേമാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ അതിഥിയായാണ് സഖറിയാസ് മാർ അപ്രേം എത്തിയത്. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്കാരത്തിന്‍റെ ഭാഗമാണെന്നും 1965ലെ നിയമത്തിൽ അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ചട്ടങ്ങളിൽ മാത്രമാണ് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറയുന്നത്.

നിയമത്തിന് വിരുദ്ധമായി ചട്ടങ്ങൾ നിൽക്കരുതെന്നും നിയമങ്ങൾ സാമൂഹിക ഐക്യം തകർക്കാനുള്ളതാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് നിയമങ്ങൾ ഉപയോഗിക്കേണ്ടത്. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണോ എന്ന് സർക്കാരിന് പരിശോധിക്കാമെന്നും കോടതി നിര്‍ദേശിച്ചു.തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു. 2023 സെപ്റ്റംബർ 7-നായിരുന്നു ശോഭായാത്ര ഉദ്ഘാടനം ചെയ്യാൻ സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിൽ എത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group