അമ്മ മരിച്ചപ്പോഴും മകളുടെ വിവാഹത്തിനും നാട്ടിലെത്തിയില്ല, പത്ത് വർഷത്തെ കണ്ണീർക്കടൽ കടന്ന് ജമീല ബീഗം നാട്ടിലേക്ക്, തുണയായത് 'കേളി'
റിയാദ്: പ്രവാസലോകത്തെ പത്തു വർഷം നീണ്ട അനിശ്ചിതത്വങ്ങൾക്കും ദുരിതപർവ്വത്തിനും അന്ത്യം. ഇന്ത്യൻ എംബസിയുടെയും കേളി കലാസാംസ്കാരിക വേദിയുടെയും നിരന്തര ഇടപെടലിലൂടെ ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങി. 2016-ലാണ് അസുഖബാധിതനായ ഭർത്താവിന്‍റെ ചികിത്സയും മകളുടെ പഠനവും ലക്ഷ്യമിട്ട് ജമീല റിയാദിന് സമീപം അൽഖർജിൽ ഗാർഹിക തൊഴിലാളിയായി എത്തിയത്. ആദ്യ മാസങ്ങൾ സുഗമമായിരുന്നെങ്കിലും പിന്നീട് ശമ്പളം മുടങ്ങിയതോടെ അവർ പ്രതിസന്ധിയിലായി. അഞ്ച് മാസത്തെ ശമ്പളം കുടിശ്ശികയായിരിക്കെ, ഉപജീവനത്തിനായി മറ്റൊരു ജോലി കണ്ടെത്താൻ അവർ നിർബന്ധിതയായി. എങ്കിലും നിയമപരമായി അവർ ആദ്യ സ്പോൺസറുടെ കീഴിലായിരുന്നു.
മൂന്ന് വർഷത്തിന് ശേഷം ഭർത്താവിന്‍റെ മരണം സംഭവിച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ ജമീല ശ്രമം തുടങ്ങി. എന്നാൽ സ്പോൺസറെ അന്വേഷിച്ചെത്തിയപ്പോഴാണ് അദ്ദേഹം മരണപ്പെട്ട വിവരം അറിയുന്നത്. സ്പോൺസർ നേരത്തെ എക്സിറ്റ് വിസ അടിച്ചിരുന്നെങ്കിലും കാലാവധി കഴിഞ്ഞതിനാൽ ജമീല നിയമപരമായി ‘ഹുറൂബ്’ (ഒളിച്ചോടിയവർ) എന്ന വിഭാഗത്തിലായി. ഇതോടെ മടക്കയാത്ര പൂർണ്ണമായും തടസ്സപ്പെട്ടു. ഇതിനിടെ നാട്ടിൽ മകളുടെ വിവാഹം നടന്നപ്പോഴും, കഴിഞ്ഞ വർഷം മാതാവ് മരിച്ചപ്പോഴും ഓടിയെത്താനാകാതെ ജമീല റിയാദിൽ തളച്ചിടപ്പെട്ടു. മാതാവിെൻറ വേർപാടോടെ നാട്ടിലെത്തുക എന്നത് അവരുടെ ഏക സ്വപ്നമായി മാറി.
മടങ്ങാനുള്ള വഴികളെല്ലാം അടഞ്ഞ ഘട്ടത്തിലാണ് ജമീല കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിക്കുന്നത്. ഭാരവാഹി നാസർ പൊന്നാനി വിഷയം ഏറ്റെടുക്കുകയും ഇന്ത്യൻ എംബസി വഴി നിരന്തരമായ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. കേളിയുടെയും എംബസിയുടെയും കഠിനശ്രമത്തിനൊടുവിൽ വലിയ തുകയുടെ പിഴ ഒഴിവാക്കി കിട്ടി. നിയമനടപടികൾ പൂർത്തിയാക്കി എക്സിറ്റ് വിസ ലഭ്യമാക്കി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ ജമീല ബീഗം നാട്ടിലേക്ക് തിരിച്ചു. പത്ത് വർഷത്തെ കഷ്ടപ്പാടുകൾക്ക് വിരാമമിട്ട് പ്രിയപ്പെട്ടവരിലേക്ക് മടങ്ങുമ്പോഴും, തനിക്ക് തുണയായ കേളി പ്രവർത്തകർക്കും എംബസിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ് ഈ കായംകുളം സ്വദേശിനി.
Post a Comment