ശക്തമായ പിന്തുണയുമായി കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികളുടെ ട്രേഡ് യൂണിയനുകൾ; ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്കം, സംസ്ഥാനത്ത് ബന്ദായേക്കും
തിരുവനന്തപുരം:തൊഴില്‍ കോഡ് ഉള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാർ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിലെ പ്രധാന തൊഴിലാളി സംഘടനയായ സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിൽ, നിർമാണ മേഖല, സ്‌കീം വർക്കുകൾ, ലോട്ടറിവ്യാപാരം, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർവാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല തുടങ്ങിയവയിലെ ജീവനക്കാരടക്കം പണിമുടക്കിൽ പങ്കെടുക്കും. മഹിളാ-, യുവജന, വിദ്യാർഥി സംഘടനകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ശ്രം ശക്തി നിതി ബിൽ അടക്കമുള്ള ജനവിരുദ്ധ ബില്ലുകൾ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപ തീരുമാനം പിൻവലിക്കുക, നിശ്‌ചിതകാല തൊഴിൽ മാറ്റി ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കും. അവശ്യ സർവീസുകളെ ഒഴിവാക്കും. ഭരണ, പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പിന്തുണയ്ക്കുന്നതിനാൽ കേരളത്തിൽ പണിമുടക്ക് ബന്ദായി മാറിയേക്കും.
പരീക്ഷ മാറ്റി
കേരളത്തിൽ നാളത്തെ പണിമുടക്കിൽ നാളത്തെ പി എസ് സി ഓണ്‍ലൈൻ പരീക്ഷ മാറ്റി. ഇന്‍ഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്കുള്ള പരീക്ഷയാണ് മാറ്റിയത്. ഈ മാസം 21 ലേയ്ക്കാണ് പരീക്ഷ മാറ്റിയത്. പരീക്ഷാ സമയത്തിലും പരീക്ഷ കേന്ദ്രങ്ങളിലും മാറ്റമില്ല.
Post a Comment