സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം, യുവതിയുടെ കൈ വെട്ടിയ അമ്മാവനെ ഒളിവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്
തിരുവനന്തപുരം:വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവതിയുടെ കൈ വെട്ടിയ അമ്മാവൻ അറസ്റ്റിൽ. പോങ്ങനാട് പഴയ ചന്ത വിഷ്ണു ഭവനിൽ മണിക്കുട്ടനാണ് അറസ്റ്റിലായത്. വഴി തർക്കത്തെച്ചൊല്ലിയുള്ള വാക്കേറ്റത്തിൽ വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ സഹോദരീ പുത്രി സിന്ധുവിന്റെ ഇരു കൈകളും വെട്ടിയത്. പ്രതി മണിക്കുട്ടന്റെ വീട്ടിന് സമീപത്തുകൂടിയാണ് സിന്ധുവിന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴിയിലാണ് സിന്ധു സ്കൂട്ടർ പാർക്ക് ചെയ്യാറുള്ളത്. അതിനാൽ തന്റെ പുരയിടത്തിലേക്ക് പോകാൻ കഴിയുന്നില്ലെന്നായിരുന്നു പ്രതിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ അക്രമത്തിൽ കലാശിക്കുകയായിരുന്നു. കൈയിൽ വെട്ടേറ്റതിന് പിന്നാലെ
നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സിന്ധുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈകളിൽ ആഴത്തിലുള്ള മുറിവും ഞരമ്പുകൾ മുറിഞ്ഞതും മൂലം ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post a Comment