Join News @ Iritty Whats App Group

‘പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചമായി കണക്കുകൾ സൂക്ഷിക്കും’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

‘പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചമായി കണക്കുകൾ സൂക്ഷിക്കും’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം


ആടിയ ശിഷ്ടം നെയ്യ് വിൽപ്പന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഒരു പെട്ടിക്കട നടത്തുന്ന ആൾ പോലും ഇതിനേക്കാൾ മെച്ചമായ രീതിയിൽ കണക്കുകൾ സൂക്ഷിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

അക്കൗണ്ടിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുതാര്യമായ സംവിധാനം നടപ്പാക്കുന്നതിനു സമയബന്ധിതമായ പദ്ധതി കോടതിയിൽ ഹാജരാക്കണമെന്നും പവിത്രമായ പ്രസാദങ്ങളുടെ വിൽപ്പനയിൽ നിന്നും ലഭിക്കുന്ന വരുമാനം അലക്ഷ്യമായാണ് അക്കൗണ്ട് ചെയ്യുന്നത് എന്നത് ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.

ഇത് ഒറ്റപ്പെട്ട ക്രമക്കേടല്ല. നടപടികളിലെയും മേൽനോട്ടം, സ്‌റ്റോക്ക് അക്കൗണ്ടിങ്, സാമ്പത്തിക നിയന്ത്രണം എന്നിവയിലെയും വീഴ്ചയാണ്. ഭക്തർ നൽകുന്ന വഴിപാട് കൈകാര്യം ചെയ്യുന്ന രീതി കണ്ടു കാഴ്ചക്കാരായി നിൽക്കാനാകില്ല എന്നും ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

നെയ്യ് വിൽപ്പനയിൽ കഴിഞ്ഞ വർഷം നവംബർ 16 മുതൽ ഡിസംബർ 31 വരെ 21,39,190 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. ആടിയ ശിഷ്ടം നെയ് വിൽപന നടത്തുന്ന കൗണ്ടറുകളിൽ എത്തിച്ച ഏകദേശം 22,000 പാക്കറ്റ് നെയ് വിറ്റതിന്റെ കണക്കുകളില്ല എന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.

30 കൗണ്ടർ സ്റ്റാഫും മൂന്ന് സ്‌പെഷൽ ഓഫീസർമാരുമാണ് കേസിലെ പ്രതികൾ. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group