Join News @ Iritty Whats App Group

മാക്കൂട്ടം ചുരം റോഡ്: രണ്ടാം റീച്ച്‌ നവീകരണം പൂര്‍ത്തിയാകുന്നു

മാക്കൂട്ടം ചുരം റോഡ്: രണ്ടാം റീച്ച്‌ നവീകരണം പൂര്‍ത്തിയാകുന്നു


രിട്ടി: മാക്കൂട്ടം -ചുരം അന്തർ സംസ്ഥാനപാതയുടെ രണ്ടാം റീച്ചിന്റെ നവീകരണം പൂർത്തീകരണത്തിലേക്ക്. പാതയുടെ അവശേഷിക്കുന്ന മൂന്ന് കിലോമീറ്ററിന്റെ നവീകരണത്തിനായി നാലുകോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇതിന്റെ ടെൻഡർ നടപടികള്‍ ഉടൻ പൂർത്തിയാക്കും. കുടകില്‍ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡെന്ന പരിഗണനയില്‍ 25 കോടിയോളം രൂപ വ്യത്യസ്ത ഫണ്ടുകളിലായി നീക്കിവച്ചാണ് നവീകരണം.

കൂട്ടുപുഴ മുതല്‍ മാക്കൂട്ടം വരെയുളള ഭാഗം നേരത്തെ നവീകരിച്ച്‌ ഉദ്ഘാടനം ചെയ്തിരുന്നു. ഹനുമാൻ ക്ഷേത്രം മുതല്‍ പെരുമ്പാടി വരെയുള്ള ആറുകിലോമീറ്റർ ഭാഗം 12.75 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. കർണാടക സംസ്ഥാന ഹൈവേ വികസന ഫണ്ട്, കേന്ദ്ര റോഡ് ഫണ്ട്, സംസ്ഥാന സർക്കാരിന്റെ പൊതുമരാമത്ത് വിഭാഗത്തില്‍ നിന്നുള്ള ഫണ്ട് എന്നിവ വിനിയോഗിച്ചാണ് നവീകരിക്കുന്നത്. മഴ കൂടുതലുള്ള പ്രദേശമായതിനാല്‍ വിവിധഘട്ടങ്ങളിലാണ് പ്രവൃത്തി നടത്തിയത്.

മഴയ്ക്ക് മുന്പ് മൂന്ന് റീച്ചുകളിലായി 11 കിലോമീറ്റർ പാത നവീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി 13.55 കോടിയും വകയിരുത്തി. ടെൻഡർ നടപടികള്‍ പൂർത്തിയായപ്പോള്‍ തന്നെ വർക്ക് ഓർഡർ നല്‍കി നിർമാണത്തിനായി സൈറ്റ് കൈമാറി. നിലവിലെ പഴയ റോഡ് കിളച്ചുമാറ്റി വീതി കൂട്ടാവുന്ന ഇടങ്ങളില്‍ വീതികൂട്ടി ഓവുചാലും കള്‍വർട്ടുകളും നിർമിച്ച്‌ മെക്കാഡം ടാറിംഗ് പൂർത്തിയാക്കാനായിരുന്നു തീരുമാനം. കൂട്ടുപുഴ മുതല്‍ മാക്കൂട്ടം വരെയും ഹനുമാൻ ക്ഷേത്രം മുതല്‍ പെരുമ്പാടിവരെയും രണ്ട് റീച്ചുകളിലായാണ് നിർമാണം ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ ഫണ്ട് അനുവദിച്ച മൂന്ന് കിലോമീറ്ററോളം ഭാഗം ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കി. അവശേഷിക്കുന്ന ഭാഗത്തിന്റെ പ്രവൃത്തിക്ക് മഴ തടസമായി. കൂട്ടുപുഴ മുതല്‍ മാക്കുട്ടം വരെയുള്ള ഭാഗങ്ങളിലും പെരുമ്പാടിയില്‍ എത്തുന്നതിന് മുമ്പുള്ള മൂന്ന് കിലോമീറ്റർ ഭാഗവുമാണ് പൂർത്തിയാക്കിയത്. അവശേഷിക്കുന്ന ഭാഗത്തിന്റെ നവീകരണത്തിന് നാലുകോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇതു കൂടി പൂർത്തിയാകുന്നതോടെ 16 കിലോമീറ്റർ ചുരം റോഡ് പൂർണമായും നവീകരിക്കപ്പെടും.

ദിനംപ്രതി നൂറുകണക്കിന് യാത്രാ, ചരക്ക് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത് കടുത്ത യാത്രാക്ലേശത്തിന് ഇടയാക്കിയിരുന്നു.

റോഡ് അടിയന്തിരമായി നവീകരിക്കണമെന്ന് കാണിച്ച്‌ എംഎല്‍എമാരായ സണ്ണി ജോസഫും സജീവ് ജോസഫും കർണാടക മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നേരിട്ട് നിവേദനവും നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നവീകരണം നടപ്പാക്കിയത്. കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവും വീരാജ്പേട്ട എംഎല്‍എയുമായ എ.എസ്. പൊന്നണ്ണയുടെ ഇടപെടലും ഫണ്ട് അനുവദിക്കുന്നതിനും പ്രവൃത്തി വേഗത്തിലാക്കാനും സഹായിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group