കേരളം കടുത്ത ചൂടിലേക്ക്; ഫെബ്രുവരിയില്‍ തന്നെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കും, ജാഗ്രതാ നിര്‍ദേശം
വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുൻപേ തന്നെ സംസ്ഥാനത്ത് ചൂട് അസാധാരണമായി ഉയരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.ഫെബ്രുവരി മാസത്തില്‍ തന്നെ കേരളം കടുത്ത ചൂടിലേക്കാണോ നീങ്ങുന്നത് എന്ന ആശങ്ക ഉയർത്തുന്നതാണ് പുതിയ കാലാവസ്ഥാ കണക്കുകള്‍.
ഈ വർഷം രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തില്‍ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 38.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കണ്ണൂരില്‍ അനുഭവപ്പെട്ടത്. ഇത് 101.12 ഡിഗ്രി ഫാരൻഹീറ്റിന് തുല്യമാണ്. പനി കടുത്താല്‍ ശരീരത്തില്‍ അനുഭവപ്പെടുന്ന അവസ്ഥയ്ക്ക് സമാനമായ ചൂടാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
വെള്ളിയാഴ്ചയും രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിലായിരുന്നു. അന്ന് 38.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയത്. ഞായറാഴ്ച താപനില 36.4 ഡിഗ്രിയായി കുറഞ്ഞെങ്കിലും സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ പ്രദേശമായി കണ്ണൂർ തുടരുകയായിരുന്നു. അതേസമയം, സ്വയംപ്രേരിത ചെറുകാലാവസ്ഥാ കേന്ദ്രങ്ങളായ എഡബ്ല്യുഎസ് കണക്കുകള്‍ പ്രകാരം ചില പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ചൂട് ഇതിലും കൂടുതലാണ്.
അന്തരീക്ഷത്തിലെ ആർദ്രത കൂടിയതോടെ കുമിർച്ച അനുഭവപ്പെടുന്നതും കാലാവസ്ഥയെ കൂടുതല്‍ അസ്വസ്ഥമാക്കുകയാണ്. തീരപ്രദേശങ്ങളിലെയും മലയോര മേഖലകളിലെയും വ്യത്യാസമില്ലാതെയാണ് ചൂട് ശക്തമാകുന്നത്. കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തുന്ന താപനിലയെക്കാള്‍ കൂടുതലായി ഭൂമിയില്‍നിന്നുള്ള ചൂട് ചേർന്നപ്പോള്‍ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് ഉയരുന്ന സാഹചര്യമാണുള്ളത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇത് കൂടുതല്‍ കടുപ്പം കാണിക്കുന്നത്.
ഇതേ സാഹചര്യം തുടരുകയാണെങ്കില്‍, കഴിഞ്ഞ വർഷത്തെ പോലെ ഫെബ്രുവരി അവസാനത്തോടെ തന്നെ സംസ്ഥാനത്ത് 40 ഡിഗ്രി സെല്‍ഷ്യസ് ചൂട് കടക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം ഫെബ്രുവരി 25-നാണ് കേരളത്തില്‍ ആദ്യമായി 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ അതിനേക്കാള്‍ മുൻപേ തന്നെ ചൂട് ആ പരിധി കടന്നേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ജാഗ്രത നിർദേശം
വേനല്‍ ഇനിയും പൂർണ്ണമായി തുടങ്ങാത്ത ഘട്ടത്തില്‍ തന്നെ സംസ്ഥാനത്ത് ചൂട് അപകടകരമായ നിലയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രതയും മുന്നൊരുക്കങ്ങളും അനിവാര്യമാണെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Post a Comment