കാസർകോഡ് ക്രൂരകൊലപാതകം; 18 വയസുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്, കസ്റ്റഡിയിലെടുത്ത് പൊലീസ്
കാസർകോഡ്: കാസർകോഡ് മഞ്ചേശ്വരം തുമിനാട് മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. 18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് വൈകുന്നേരമാണ് ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രാഥമികമായി ലഭിക്കുന്ന വിവരമനുസരിച്ച്, കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് അറിവ്. സ്വത്ത് തര്‍ക്കവും സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
അതേ സമയം, നാട്ടുകാര്‍ പറയുന്നത് പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് എന്നുമാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് വ്യക്തമാക്കി. വീടിനകത്ത് വെച്ച് നടന്ന വാക്കുതര്‍ക്കത്തിനൊടുവിൽ പിതാവ് പെണ്‍കുട്ടിയെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഈ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Post a Comment