Join News @ Iritty Whats App Group

മാതാപിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കിയ കുട്ടികളുടെ മറുപടി അധ്യാപകൻ്റെ മനസുമാറ്റി; ശേഷം 15 വർഷമായി സ്വന്തം ചെലവിൽ ഉല്ലാസയാത്രകൾ

മാതാപിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കിയ കുട്ടികളുടെ മറുപടി അധ്യാപകൻ്റെ മനസുമാറ്റി; ശേഷം 15 വർഷമായി സ്വന്തം ചെലവിൽ ഉല്ലാസയാത്രകൾ


മലപ്പുറം: പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയുടെയും യാത്രാമോഹങ്ങള്‍ പൊലിഞ്ഞുപോകരുത് എന്ന ലക്ഷ്യത്തോടെ വേറിട്ടൊരു മാതൃക കാട്ടുകയാണ് മലപ്പുറത്തെ ഒരു അധ്യാപകന്‍. മഞ്ചേരി തൃക്കലങ്ങോട് മാനവേദന്‍ യുപി സ്‌കൂളിലെ ഉറുദു അധ്യാപകനായ പി.സി. ഷെരീഫാണ് തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ 15 വര്‍ഷമായി സൗജന്യ ഉല്ലാസയാത്രകള്‍ ഒരുക്കുന്നത്. 2008-ല്‍ ഒരു ക്ലാസ് മുറിയില്‍ വെച്ചുണ്ടായ തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധ്യാപകനെ എത്തിച്ചത്. സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന ചോദ്യത്തിന് കുട്ടികൾ നൽകിയ മറുപടിയാണ് ഇദ്ദേഹത്തിൻ്റെ മനസുമാറ്റിയത്. 500 രൂപയോ 1000 രൂപയോ പോലും നല്‍കാന്‍ വീട്ടിലെ സാഹചര്യങ്ങള്‍ അനുവദിക്കാത്തതാണ് തങ്ങളെ പിന്നോട്ട് വലിക്കുന്നതെന്നാണ് അന്ന് കുട്ടികൾ പറഞ്ഞതെന്ന് അധ്യാപകൻ ഓർത്തെടുക്കുന്നു.

കൂലിപ്പണിക്ക് പോകുന്ന മാതാപിതാക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതി യാത്രകള്‍ വേണ്ടെന്നുവച്ച കുട്ടികൾ അധ്യാപകന്റെ മനസ്സ് മാറ്റുകയായിരുന്നു. അരീക്കോട് സ്വദേശിയായ ഇദ്ദേഹം തന്റെ ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം പിന്നീടുള്ള ഓരോ വര്‍ഷവും കുട്ടികളുടെ ഉല്ലാസയാത്രകൾക്കായി മാറ്റിവച്ചു. ഇത്തവണ 5, 6, 7 ക്ലാസുകളില്‍ നിന്നായി 87 കുട്ടികളാണ് മാഷിനൊപ്പം യാത്ര പോയത്. കൊച്ചി മെട്രോ, തൃപ്പൂണിത്തറ ഹില്‍ പാലസ്, അതിരപ്പള്ളി, മലമ്പുഴ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ കുട്ടികളെ കൊണ്ടുപോയിട്ടുണ്ട്. ഇത്തവണ കക്കാടംപൊയില്‍ മലനിരകളിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. കഴിഞ്ഞ 20 വര്‍ഷമായി മാനവേദന്‍ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന ഷെരീഫ് മാഷിന്, അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. കുട്ടികളുടെ മുഖത്തെ സന്തോഷമാണ് തന്റെ ഏറ്റവും വലിയ പ്രതിഫലമെന്ന് അദ്ദേഹം പറയുന്നു

Post a Comment

Previous Post Next Post
Join Our Whats App Group