ശബരിമല ദര്‍ശനം ഇന്നുകൂടി മാത്രം; വന്‍ ഭക്തജനത്തിരക്ക്; നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രം ദര്‍ശനം
ശബരിമല: മണ്ഡല, മകരവിളക്കു കാലത്തെ ശബരിമല ദര്‍ശനം ഇന്നു രാത്രി പത്തിന് അവസാനിക്കും. വൈകുന്നേരം അഞ്ചുവരെ ഭക്തരെ പമ്പയില്‍ നിന്ന് കടത്തി വിടും. ദര്‍ശന കാലയളവ് അവസാനിക്കുന്നതോടെ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പകല്‍ പമ്പയില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവന്നു. സന്നിധാനത്തു തങ്ങിയ അയ്യപ്പഭക്തര്‍ താഴെ എത്തിയശേഷമാണ് പിന്നീട് ആളുകളെ കയറ്റിവിട്ടത്. ദര്‍ശനത്തിനുള്ള ക്യൂ മരക്കൂട്ടംവരെ നീണ്ടു. ഒരുലക്ഷത്തോളം പേര് ഇന്നലെ ദര്‍ശനത്തിനെത്തിയിരുന്നു.
നെയ്യഭിഷേകം ഇന്നലെ അവസാനിച്ചു. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടച്ച ശേഷം മണിമണ്ഡപത്തിന് മുന്നില്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഗുരുതി ആരംഭിക്കും.
നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.
താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് മേല്‍ശാന്തി കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിദ്ധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് രാജപ്രതിനിധി കൈമാറും. മാസപൂജചെലവിനായി പണക്കിഴി നല്കി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങും.
ശബരിമല ദര്‍ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്ന ഇന്ന് വരെ പ്രവര്‍ത്തിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സൗകര്യം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗും ഇന്നുവരെയുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും.
Post a Comment