ഇന്നും വൻ ഇടിവ്; കേരളത്തില്‍ ഇനിയും കുറയുമോ സ്വര്‍ണം, വെള്ളി വില?
സ്വർണം- വെള്ളി വിലയില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്നലെയും ഇന്നുമായി വന്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ്. കുതിച്ചുയരുകയായിരുന്ന സ്വർണ, വെള്ളി വിലകൾക്ക് ഇടിവുണ്ടാകുമെന്ന വിദഗ്‌ധരുടെ പ്രവചനം അങ്ങനെ സത്യമായി. സംസ്ഥാനത്തെ വിലകൾ എങ്ങനെയാണെന്ന് നോക്കാം.
അടുത്തിടെയായി കുതിച്ചുയർന്ന സ്വർണം, വെള്ളി വിലകൾക്ക് വെള്ളിയാഴ്‌ച വലിയ ഇടിവ് സംഭവിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിൽപ്പന സമ്മർദ്ദം ആഭ്യന്തര വിപണിയെയും കാര്യമായി ബാധിച്ചു. സ്വര്‍ണ്ണത്തിന് മണിക്കൂറുകൾക്കുള്ളിൽ വില കുത്തനെ ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇതിന് പിന്നാലെ ശനിയാഴ്‌ചയും സ്വര്‍ണ വിലയില്‍ ഇടിവ് സംസ്ഥാനത്ത് രേഖപ്പെടുത്തി.
അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണ്ണത്തിന്‍റെ വില ഒരു ദിവസം കൊണ്ട് ഏകദേശം 11% കുറഞ്ഞ് 4,732 ഡോളറിലെത്തി. വെള്ളിയുടെ വില 32% ഇടിഞ്ഞ് 78 ഡോളറിലുമെത്തി. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവാണിതെന്ന് വിപണി വിദഗ്‌ധര്‍ പറയുന്നു.
അന്താരാഷ്ട്ര വിപണിയിലെ ഇടിവ് കേരളത്തിലും സ്വര്‍ണം, വെള്ളി വിലകളില്‍ പ്രകടമായി. സ്വര്‍ണവില പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയിലേക്ക് താണു. 14,720 രൂപയാണ് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. വന്‍ കുതിപ്പിനൊടുവില്‍ രണ്ട് ദിവസമായി കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്.</p><img><p>മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വ്യാപാരത്തിൽ വലിയ ചാഞ്ചാട്ടം ദൃശ്യമായി. 10 ഗ്രാം സ്വർണ്ണത്തിന്‍റെ വില 1,80,499 രൂപയിൽ തുടങ്ങി 1,83,493 രൂപ വരെ ഉയർന്ന ശേഷം 1,50,849 രൂപയിൽ അവസാനിച്ചു. രേഖപ്പെടുത്തിയത് ഏകദേശം 18% നഷ്‌ടം. വെള്ളി വില 3,83,898 രൂപയിൽ തുടങ്ങി 2,91,922 രൂപയിൽ അവസാനിച്ചു. 27% നഷ്‌ടം രേഖപ്പെടുത്തി
സ്വര്‍ണ്ണത്തിനും വെള്ളിക്കും വിലകൾ അപ്രതീക്ഷിതമായി ഉയർന്നതോടെ നിക്ഷേപകർ ലാഭമെടുത്തതാണ് ഇപ്പോഴത്തെ വിലയിടിവിന് പ്രധാന കാരണം. ഡോളർ ശക്തിപ്പെട്ടതും, അന്താരാഷ്ട്ര തലത്തിലെ സംഘർഷങ്ങൾ കുറഞ്ഞതും വിലയെ സ്വാധീനിച്ചു. ഷോർട്ട് സെല്ലിംഗ് കൂടിയത് വെള്ളിക്ക് കൂടുതൽ തിരിച്ചടിയായി. അതിനാൽ, നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് വിദഗ്‌ധര്‍ പറയുന്നു. വരും ദിവസങ്ങളിലും സ്വര്‍ണ വില കുറയാൻ സാധ്യതയുണ്ട് എന്നാണ് പ്രവചനം
Post a Comment