Join News @ Iritty Whats App Group

കുടിവെള്ളം തേടി ഇത്തവണയും താമസം കക്കുവ പുഴക്കരയില്‍

കുടിവെള്ളം തേടി ഇത്തവണയും താമസം കക്കുവ പുഴക്കരയില്‍


രിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പതിമൂന്ന് 55 ലെ താമസക്കാരായ ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ കുടുംബങ്ങള്‍ ഇക്കുറിയും കക്കുവ പുഴക്കരയില്‍ കുടിലുകെട്ടി താമസം തുടങ്ങി.


വേനല്‍ തുടങ്ങുന്നതോടെ 55 ലും 110 സങ്കേതത്തിലുമായി താമസിക്കുന്ന പണിയ വിഭാഗത്തിലെ കുടുംബങ്ങളാണ് പതിവുപോലെ പുഴക്കരയിലേക്ക് എത്തിയത്.

രൂക്ഷമായ കുടിവെള്ള ക്ഷാമവും തലമുറകളായി പിന്തുടരുന്ന ജീവിതരീതിയുമാണ് ഒരു പരിധിവരെ കുടുംബസമേതം ഇവരെ പുഴയോരത്ത് താമസിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. മഴയാരംഭിക്കുന്നതോടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതാണ് ഇവരുടെ രീതി. വീടുകളുണ്ടെങ്കിലും വീടിന് വെളിയില്‍ പ്ലാസ്റ്റിക് ഷെഡുകളില്‍ അന്തിയുറങ്ങാനാണ് ഇവർക്ക് താത്പര്യം.

ആറളം പഞ്ചായത്തിലെ ചതിരൂർ നൂറ്റിപ്പത്തിലെ താമസക്കാരെ ആറളം ഫാമിലേക്ക് മാറ്റാൻ ശ്രമം നടന്നുവെങ്കിലും മൂന്നു കുടുംബങ്ങള്‍ മാത്രമാണ് മാറിയത്. ബാക്കിവരുന്ന 25 ഓളം കുടുംബങ്ങള്‍ നൂറ്റിപ്പത്ത് സങ്കേതത്തില്‍ തന്നെയാണ് താമസം. ഒരു വീട്ടില്‍ തന്നെ കുടുംബവും ഉപകുടുംബവുമായി കൂട്ടുകുടുംബ വ്യവസ്ഥയ്ക്ക് സമാനമായ രീതിയിലാണ് ഇവരുടെ ജീവിതം. ചെറിയ ഒരു വീട്ടില്‍ തന്നെ ഇരുപതിലധികം അംഗങ്ങള്‍ വരെയുണ്ട്. മഴ മാറുന്നതോടെ നൂറ്റിപ്പത്തിലെയും ബ്ലോക്ക് 13 ലെയും കുടുംബങ്ങളില്‍ പലരും ഒത്തുചേർന്നാണ് പുഴയോരത്ത് കുടില്‍കെട്ടി താമസിക്കാൻ എത്തുന്നത്.

ഒരു കുടുംബം, 30 അംഗങ്ങള്‍ !

ആറളം ഫാമില്‍ പുനരധിവാസം ആരംഭിച്ച്‌ 20 വർഷമാകുമ്പോഴും ഇവിടുത്തെ യഥാർഥ പ്രശങ്ങളെക്കുറിച്ച്‌ ശരിയായ പഠനമോ പ്രശ്നപരിഹാരത്തിനുള്ള നടപടികളോ ഉണ്ടായിട്ടില്ല. പുനരധിവാസത്തിന് തെരഞ്ഞെടുത്ത മേഖല തന്നെ ശരിയല്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ഫാം മേഖല പുനരധിവാസത്തിനും വനത്തിനോട് ചേർന്നുകിടക്കുന്ന പ്രദേശം കാർഷിക ഫാമുമായിട്ടായിരുന്നു നിലനിർത്തേണ്ടിയിരുന്നത്. 20 വർഷം മുന്പ് ഒരു കുടുംബത്തിന് ഒരേക്കർ വീതം ഭൂമി ലഭിച്ചെങ്കിലും ഈ കുടുംബങ്ങള്‍ ഇന്ന് നിരവധി ഉപകുടുംബങ്ങളായി ഒരേയിടത്താണ് ജീവിതം.

പുഴക്കരയില്‍ താമസിക്കുന്ന ശോഭ എന്ന സ്ത്രീക്ക് നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമായി ആറു മക്കളുണ്ട്. ഇവർ ആറുപേരും വിവാഹം കഴിച്ചെങ്കിലും ശോഭയുടെ വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഈ കുടുംബത്തില്‍ മാത്രം കുട്ടികളുള്‍പ്പടെ മുപ്പതിലേറെ അംഗങ്ങളാണുള്ളത്. ആദിവാസികളുടെ പുനരധിവാസം പൂർത്തിയാക്കാനോ ഉപകുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ നടപടികളുണ്ടാകാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. ഇതോടെ വീടുകള്‍ക്ക് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയാണ് ഇവരുടെ ജീവിതം.

കുടിവെള്ളവും റോഡും

കുടിവെള്ളം, റോഡുകള്‍ എന്നിവയുടെ കാര്യത്തില്‍ പുനരധിവാസമേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ബ്ലോക്ക് 13ലെ 55 മേഖലയില്‍ മഴ മാറുന്നതോടെ തന്നെ ഇവിടെ കുടിവെള്ള പ്രശ്നവും ഉടലെടുക്കും. ആനശല്യം കൂടുതലുള്ള പ്രദേശം കൂടിയാണിത്. ആനയുള്‍പ്പടെയുള്ള വന്യജീവികള്‍ എത്തിയാല്‍ ഇവയെ തുരത്താൻ എത്തുന്ന ആർആർടിയുടെ വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞു പോകുന്നതും പതിവ് കാഴ്ച. നിലവിലുള്ള മണ്‍റോഡ് മാത്രമാണ് ഏകവഴി. മഴക്കാലത്ത് റോഡ് ചെളിക്കുളമായി മാറും. ഈ സമയത്ത് രോഗികള്‍ ഉള്‍പ്പടെയുള്ളവരെ പുറത്തെത്തിക്കുന്നത് അതീവ സാഹസമാണ്.

പരിഹാര മാർഗം

ഫാമില്‍ കുടിയേറി താമസിക്കുന്നവർക്കും കുടില്‍കെട്ടി താമസിക്കുന്നവർക്കും ഉപകുടുംബങ്ങള്‍ക്കും വീട് നല്‍കുക മാത്രമാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം. പുഴയോരത്ത് താമസിക്കുന്നവരെ സമീപത്ത് ഒഴിഞ്ഞുകിടക്കുന്ന വീടുകളിലാക്കി കുടിവെള്ളം ലഭ്യമാക്കിയാല്‍ പ്രശ്നത്തിന് താത്കാലിക പരിഹാരമാകുമെന്നും മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഒഴിഞ്ഞുകിടക്കുന്ന മുപ്പതിലധികം വീടുകള്‍ താത്കാലിക താമസത്തിനായി ഉപയോഗപ്പെടുത്താനാകും. വീട് ലഭിച്ചിട്ടും താമസമാക്കാത്തവരെ പട്ടികയില്‍ നിന്നൊഴിവാക്കി അർഹതപ്പെട്ടവർക്ക് നല്‍കി പുനരധിവാസം നടപ്പാക്കാനാകും.

50 കോടിയിലധികം രൂപയുടെ കെട്ടിടങ്ങള്‍ പുനരധിവാസ മേഖലയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പോലും ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നുണ്ട്.
നാടോടി ശൈലിയിലുള്ള ജീവിതം കാരണം നിരവധി കുട്ടികള്‍ സ്കൂളില്‍ പോകാതെ മീൻപിടിച്ചും മറ്റും ജീവിക്കുകയാണ്. ആദിവാസി കുടുംബങ്ങള്‍ പുഴയോരത്ത് താമസമാരംഭിച്ചത് പുറം ലോകമറിഞ്ഞതോടെ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ, പഞ്ചായത്തംഗങ്ങളായ ഷഹീർ, റീഹാനത്ത് സുബി എന്നിവർ സ്ഥലം സന്ദർശിച്ചു.

ബാഹ്യശക്തികളുടെ ഇടപെടല്‍

സീസണ്‍ അനുസരിച്ച്‌ ബന്ധുക്കളും അല്ലാത്തവരുമായ നൂറ്റിപ്പത്ത് സങ്കേതത്തിലെ താമസക്കാർ ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്നത് പതിവാണ്. നൂറ്റിപ്പത്തിലെ സ്ഥലം തിരികെ കൊടുത്താല്‍ ആറളം പുനരധിവാസ മേഖലയില്‍ സ്ഥലം നല്‍കാമെന്ന് ജില്ലാ ഭരണകൂടം സബ് കളക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തില്‍ ഇവരെ അറിയിച്ചിരുന്നു.

എന്നാല്‍ താമസക്കാർ ഭൂരിഭാഗവും ഇതിനു തയാറാകുന്നില്ലെന്നാണ് വിവരം. നൂറ്റിപ്പത്തിലും 55 ലും ചില ബാഹ്യശക്തികളുടെ ഇടപെടല്‍ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുമുണ്ട്.

"ആറളം പുനരധിവാസമേഖലയിലെ പട്ടികവർഗ കുടുംബങ്ങളുടെ പ്രശ്ന പരിഹാരം പുരോഗമിക്കുന്നു'

കണ്ണൂർ: ആറളം പുനരധിവാസമേഖലയില്‍ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ പട്ടികവർഗ വികസന വകുപ്പ് നിലവില്‍ പരിഗണിച്ചിട്ടുള്ളതാണെന്നും പരിഹാര നടപടികള്‍ വിവിധ തലങ്ങളിലായി നടന്നുവരികയാണെന്നും കണ്ണൂർ ഐടിഡിപി പ്രോജക്‌ട് ഓഫീസർ അറിയിച്ചു. ബ്ലോക്ക് 13ല്‍ 55 പ്രദേശത്ത്, ചതിരൂർ 110 ഉന്നതിയിലെ കുടുംബങ്ങള്‍ മഴക്കാലം കഴിഞ്ഞാല്‍ മീൻ പിടിക്കാനും മറ്റുമായി സ്ഥിരമായി പുഴയോരത്ത് താമസിക്കാറുണ്ട്. ഇങ്ങനെ ആകെ 28 കുടുംബങ്ങളാണ് താമസിച്ചുവരുന്നത്. ഇവരുടെ ബന്ധുകുടുംബങ്ങള്‍ ഇടയ്ക്ക് വന്ന് പോകുന്നത് ഉള്‍പ്പെടെ ചിലപ്പോള്‍ കൂടുതല്‍ വരും.

ആറളം പുനരധിവാസ പ്രദേശത്തിന്റെ പുറമേ നിന്നുമെത്തി താമസിക്കുന്ന 94 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നതിനുളള നടപടികള്‍ അന്തിമഘട്ടത്തിലുമാണ്. ചതിരൂർ 110 ഉന്നതിയില്‍ നിന്നും വന്ന 15ല്‍ 10 കുടുംബങ്ങള്‍ ഈ 94ല്‍ ഉള്‍പ്പെട്ടിട്ടുളളവരാണ്. ഇവർക്ക് ഉടൻ തന്നെ ഭൂമി അനുവദിക്കും. അതേസമയം, ആറളം ഫാമില്‍ തന്നെ ഭൂമി ലഭിച്ച കുടുംബങ്ങളുടെ ഉപകുടുംബങ്ങള്‍ക്ക് ഭൂമി കൊടുക്കുന്നതിനുള്ള നടപടി സർക്കാരിന്റെ അംഗീകാരത്തോടെ സ്വീകരിക്കുന്നതാണ്. ഇതോടൊപ്പം പ്ലോട്ട് മാറി താമസിക്കുന്ന 113 കുടുംബങ്ങള്‍ക്ക് പ്ലോട്ട് മാറ്റി അനുവദിക്കുന്നതിനുളള നടപടികളും അന്തിമഘട്ടത്തിലാണെന്ന് പ്രോജക്‌ട് ഓഫീസർ അറിയിച്ചു.

നിലവില്‍ ആറളം ഫാമിനകത്ത് 4,37,20,000 രൂപ ചെലവില്‍ ഒമ്പത് റോഡുകള്‍ പഞ്ചായത്ത് മുഖേന ടാറിംഗ് ചെയ്യുന്നതിനും 49 ലക്ഷം രൂപയ്ക്ക് രണ്ട് റോഡുകള്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മുഖേന നിർവഹണം നടത്തുന്നതിനും പട്ടികവർഗ വികസന വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ട്. പുനരധിവാസമേഖലയിലെ പൊതുവായ കുടിവെളള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുളള ജലനിധി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനും കുടിവെളള ടാങ്കുകള്‍, ഉറവിടങ്ങള്‍ എന്നിവ ശുദ്ധീകരിക്കുന്നതിനുമുളള നടപടികള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ പുരോഗമിച്ചുവരുന്നുണ്ടെന്നും പ്രോജക്‌ട് ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group