ഹജ്ജ് ഹൗസ് പ്രഖ്യാപനത്തില്‍ ഒതുങ്ങി; വിമര്‍ശനവുമായി ഹജ്ജ് വെല്‍ഫെയല്‍ അസോസിയേഷൻ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ്ജ് ഹൗസ് നിർമ്മിക്കാനുള്ള ബഡ്ജറ്റ് പ്രഖ്യാപനത്തിന് വേഗതയില്ലെന്ന് ഹജ്ജ് വെല്‍ഫെയല്‍ അസോസിയേഷൻ ഭാരവാഹികള്‍.
കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിലാണ് സംസ്ഥാന സർക്കാർ അഞ്ചുകോടി ഹജ്ജ് ഹൗസ് നിർമ്മാണത്തിനായി പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ടിട്ടും സ്ഥലത്തെ മണ്ണ് പരിശോധന നടത്താൻ കൊണ്ടുപോയതല്ലാതെ പ്ലാനോ എസ്റ്റിമേറ്റോ തയാറാക്കിയിട്ടില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.
കണ്ണൂരില്‍ ഹജ്ജ് ഹൗസ് നിർമാണം വൈകിപ്പിക്കുന്നതിന് പിന്നില്‍ കോഴിക്കോട് ലോബിയാണോയെന്ന സംശയവും വെല്‍ഫെയർ ഭാരവാഹികള്‍ ഉന്നയിച്ചു. ഹജ്ജ് ഹൗസ് നിർമാണവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ കണ്ണൂരില്‍ നിന്ന് ഒന്നും കാസർകോട് നിന്നുള്ള രണ്ടും ഹജ്ജ് കമ്മിറ്റി മെമ്പർമാരെയും ഒരു സർക്കാർ നോഡല്‍ ഓഫിസറെയും നിയമിച്ചിരുന്നു. എന്നാല്‍ ഇവർക്ക് ഇതുവരെ ഭരണാനുമതി വാങ്ങി നല്‍കാൻ പോലും സാധിച്ചിട്ടില്ല.
അസൗകര്യങ്ങളുടെ നടുവില്‍
അടുത്ത ഹജ്ജ് യാത്ര മേയ് അഞ്ചിന് ആരംഭിക്കാനിരിക്കെ കണ്ണൂർ വിമാനത്താവളത്തില്‍ ഇവർക്ക് വിശ്രമിക്കാനുള്ള യാതൊരു സൗകര്യവും ഇതുവരെ ഒരുക്കിയിട്ടില്ല. കഴിഞ്ഞ തവണ കാർഗോ സെഷനിലാണ് ആളുകളെ താമസിപ്പിച്ചത്. ഇത്തവണ അവിടെ പണി നടക്കുന്നതിനാല്‍ ഇവിടെ താമസസൗകര്യം ലഭിക്കില്ല. വിമാനത്താവളത്തിന് സമീപം ആളുകളെ താമസിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഹോട്ടലുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്നും ഹജ്ജ് വെല്‍ഫെയല്‍ അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നും ആറായിരത്തോളം യാത്രക്കാരാണ് ഇത്തവണ ഹജ്ജ് യാത്രയ്ക്ക് പോകുന്നത്.
മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടി
വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഈ ബഡ്ജറ്റില്‍ കൂടുതല്‍ തുക അനുവദിച്ച് ഹജ്ജ് ഹൗസ് നിർമ്മാണം എത്രയും പെട്ടെന്ന് നിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വാർത്താസമ്മേളനത്തില്‍ അസോസിയേഷൻ പ്രസിഡന്റ് റസാഖ് മണക്കായി, ഹനീഫ കാരക്കുന്ന്, കെ.എൻ.ഹാഷിം, വി.പി.താജുദ്ദീൻ, റഫീഖ് വളോര എന്നിവർ ആവശ്യപ്പെട്ടു.
Post a Comment