പുതുവത്സരത്തില്‍ ഇരുട്ടടി : ജനകീയ ഹോട്ടലുകളില്‍ ഊണ്‍വില പത്തുരൂപ കൂട്ടി
കണ്ണൂർ: സാധാരണക്കാരെ വെട്ടിലാക്കികൊണ്ടു ജനകീയ ഹോട്ടലുകളില്‍ ഊണ്‍ വില നാല്‍പതുരൂപയായി കൂട്ടി. നേരത്തെ മുപ്പതു രൂപയുണ്ടായതാണ് ഒറ്റയടിക്കു പത്തുരൂപ വർദ്ധിപ്പിച്ചത്.
ജനുവരി ഒന്നു മുതലാണ് വിലവർദ്ധനവ് പ്രാബല്യത്തില്‍ വരുത്തിയത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനകീയ ഹോട്ടലുകളെ പ്രതിസന്ധിയിലാക്കിയിരുന്നു.
സർക്കാർ വിഹിതം കൃത്യസമയത്ത് ലഭിക്കാത്തതും മുൻപോട്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ കുടുംബശ്രീ യൂനിറ്റുകളാണ് ജനകീയ ഹോട്ടലുകള്‍ നടത്തിവരുന്നത്. വിലവർദ്ധിപ്പിച്ചുവെങ്കിലും വിഭവങ്ങള്‍ കൂട്ടിയിട്ടൊന്നുമില്ല. നേരത്തെ കൊടുത്തിരുന്ന പപ്പടം ഊണിനൊപ്പം ഇപ്പോള്‍ നല്‍കാറില്ല. എന്നാല്‍ ചിലയിടങ്ങളില്‍ പായസം വിളമ്ബുന്നുണ്ട്.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ചുരുങ്ങിയ വിലയ്ക്ക് ഊണും ഭക്ഷ്യവസ്തുക്കളും നല്‍കുന്ന ജനകീയ ഹോട്ടലുകള്‍ ഒന്നാം പിണറായി സർക്കാർ തുടങ്ങിയത്. സാധാരണക്കാരും ഇതരസംസ്ഥാന തൊഴിലാളികളും തുച്ഛ വരുമാനക്കാരുമാണ് ജനകീയ ഹോട്ടലുകളെ കൂടുതല്‍ ആശ്രയിച്ചിരുന്നത്. പത്തു രൂപയുടെ വർധനവ് അധികമാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. എന്നാല്‍ മറ്റുസ്വകാര്യ ഹോട്ടലുകളില്‍ അറുപതു രൂപയാണ് ഊണിന് ഈടാക്കുന്നത്. കണ്ണൂർ ടൗണില്‍ 70 മുതല്‍ 110 വരെ ഈടാക്കുന്നുണ്ട്. നഗരത്തില്‍ ജനകീയ ഹോട്ടലൊന്നും പ്രവർത്തിക്കുന്നില്ല. കോർപറേഷന്റെ ഏക ജനകീയ ഹോട്ടല്‍ നഗരത്തില്‍ നിന്നും ഏഴുകിലോമീറ്റർ അകലെ കാപ്പാട് ഭാഗത്താണുളളത്.
Post a Comment