Join News @ Iritty Whats App Group

ഗാര്‍ഹിക പീഡനം മുതല്‍ ലൈംഗികാതിക്രമം വരെ; രാമന്തളി ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിപ്പെടുത്തി യുവതി

ഗാര്‍ഹിക പീഡനം മുതല്‍ ലൈംഗികാതിക്രമം വരെ; രാമന്തളി ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിപ്പെടുത്തി യുവതി


ക്കളെ കൊലപ്പെടുത്തിയ ശേഷം ഭർത്താവും ഭർതൃമാതാവും ജീവനൊടുക്കിയ കണ്ണൂർ രാമന്തളിയിലെ ദാരുണ സംഭവത്തില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യുവതി.

കുട്ടികളെ നഷ്ടപ്പെട്ടതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും ബന്ധുക്കള്‍ക്കിടയിലുംനിന്ന് രൂക്ഷമായ വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് 27കാരിയായ അമ്മ മനസ്സ് തുറന്നിരിക്കുന്നത്.

കുട്ടികളെ അമ്മയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഭർത്താവ് കലാധരനും ഭർതൃമാതാവ് ഉഷയും കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങളാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നതടക്കമുള്ള വിമർശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നതിനിടയിലാണ് യുവതി തന്റെ ദുരിത ജീവിതവും നേരിട്ട പീഡനങ്ങളും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

2018-ല്‍ 20-ാം വയസിലാണ് യുവതി 10 വയസ് പ്രായക്കൂടുതലുള്ള കലാധരനുമായി വിവാഹിതയാകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ തന്നെ യുവതിക്ക് കടുത്ത ഗാർഹിക പീഡനം നേരിടേണ്ടി വന്നതായി ഇവർ വെളിപ്പെടുത്തുന്നു. പക്വതയില്ലെന്നും മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ആരോപിച്ച്‌ ഭർതൃവീട്ടുകാർ നിരന്തരം ഇവർക്കെതിരെ പ്രചാരണം നടത്തി. ഭർത്താവടക്കം വീട്ടിലെ എല്ലാവരും വടി ഉപയോഗിച്ച്‌ തന്നെ മർദ്ദിക്കുമായിരുന്നു. ഗർഭിണിയായിരുന്ന സമയത്തും മർദ്ദനവും പട്ടിണിക്കിടലും പതിവായിരുന്നു. ഈ പീഡനം സഹിക്കവയ്യാതെയാണ് യുവതി ആദ്യമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.

മകളുടെ ജനനത്തിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഭർത്താവിന്റെ കാറ്ററിംഗ് ജോലികളില്‍ സഹായിക്കാതിരിക്കാൻ മകളെ കാരണമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട്, കുഞ്ഞിന് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോള്‍ ഭർതൃമാതാവ് ഉഷ കുഞ്ഞിനെ യുവതിയില്‍ നിന്ന് ബലമായി മാറ്റിയെടുക്കാൻ ശ്രമിച്ചിരുന്നു. കുഞ്ഞിന് പാല് നല്‍കാൻ പോലും തന്നെ അനുവദിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു.

രാവും പകലും കലാധരനൊപ്പം ജോലി ചെയ്താല്‍ പോലും കുഞ്ഞിനെ ഉറക്കാനോ കുളിപ്പിക്കാനോ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ല. കുട്ടികളെ ഭർത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം കിടത്തി ഉറക്കാൻ കലാധരൻ കൂട്ടുനിന്നതോടെ തനിക്ക് നിസ്സഹായയായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. മകളെ ആശുപത്രിയില്‍ കൊണ്ടുപോകുമ്ബോള്‍ പോലും ഒപ്പം പോകാൻ അനുവാദമുണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.

യുവതിക്ക് മാനസിക തകരാറുണ്ടെന്ന് പ്രചരിപ്പിക്കാൻ ഭർതൃവീട്ടുകാർക്ക് സാധിച്ചു. പീഡനം സഹിക്കാനാവാതെ യുവതി വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ നിരന്തരമുള്ള നിർബന്ധത്തിന് വഴങ്ങി 2022-ല്‍ വീട്ടുകാരുടെ അനുവാദമില്ലാതെ വീണ്ടും കലാധരനൊപ്പം പോവുകയായിരുന്നു. ഇതിനുശേഷം യുവതിക്ക് സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

2024 ഏപ്രിലില്‍ മകള്‍ ആശുപത്രിയിലായപ്പോഴാണ് യുവതിയെ സ്വന്തം വീട്ടുകാർ വീണ്ടും കണ്ടുമുട്ടിയത്. കുഞ്ഞിന്റെ ശരീരത്തിലെ പാടുകളെക്കുറിച്ച്‌ യുവതി ചോദ്യം ചെയ്തപ്പോഴേക്കും മരുമകള്‍ക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന് ഭർതൃവീട്ടുകാർ ബന്ധുക്കളേയും അയല്‍വാസികളേയും ധരിപ്പിച്ചു കഴിഞ്ഞിരുന്നു.

2025 മാർച്ച്‌ മാസത്തില്‍ ഭർതൃമാതാവ് ഇളയ മകന്റെ കുഞ്ഞിനെ നോക്കാനായി വിദേശത്തേക്ക് പോയപ്പോഴാണ് സ്വന്തം കുട്ടികളെ നോക്കാൻ യുവതിക്ക് അനുവാദം കിട്ടിയത്. മാർച്ച്‌ മാസത്തില്‍ മകളെ കുളിപ്പിക്കുമ്ബോള്‍ സ്വകാര്യ ഭാഗത്തെ നീറ്റലിനെക്കുറിച്ച്‌ കുട്ടി പരാതിപ്പെട്ടു. തുടർന്ന് മകളുമായി സംസാരിച്ചപ്പോഴാണ് മുത്തച്ഛനില്‍നിന്ന് മോശം അനുഭവം നേരിട്ട വിവരം യുവതി തിരിച്ചറിയുന്നത്. ബന്ധുക്കളുമായി അടുപ്പമില്ലാത്തതിനാല്‍ ആരെ അറിയിക്കണമെന്ന് അറിയാതെ യുവതി വിഷമിച്ചു.

എന്നാല്‍, മരുമകള്‍ ഇല്ലാത്ത കഥകള്‍ പറയുകയാണെന്ന് ഭർത്താവിന്റെ പിതാവ് ബന്ധുക്കളെ വിശ്വസിപ്പിച്ചു. മാർച്ച്‌ അവസാനത്തോടെ മകള്‍ക്ക് തുടർച്ചയായി വയറുവേദനയും ഛർദ്ദിയും വന്നതോടെ മക്കളുമായി ഭർതൃവീട്ടില്‍ നിന്ന് രക്ഷപ്പെടാൻ യുവതി തീരുമാനിച്ചു. 2025 ഏപ്രില്‍ 2-ന് ഭർത്താവിന്റെ വീട്ടില്‍ നിന്ന് കുട്ടികളുമായി നടന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തി. അവിടെനിന്ന് സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ വച്ച്‌ മകള്‍ ഡോക്ടർമാരോട് വിവരം പറയുകയും, അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തനിക്ക് നേരിട്ട നീതിനിഷേധത്തെക്കുറിച്ചും കാലങ്ങളായുള്ള ഗാർഹിക പീഡനങ്ങളെക്കുറിച്ചും ദി ന്യൂസ് മിനിറ്റിനോടാണ് കണ്ണൂർ സ്വദേശിനി വിശദീകരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group