‘ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ എടുത്താൽ പ്രതിയാകുമെങ്കിൽ ആദ്യം മുഖ്യമന്ത്രി പ്രതിയാകില്ലെ?, അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നവർ പിണറായി വിജയനെയും ചോദ്യം ചെയ്യണം’; വി ഡി സതീശൻ
ശബരിമല സ്വർണ്ണകൊള്ള അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ല എന്ന വാദം അവാസ്തവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം എസ്ഐടിയിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് പറഞ്ഞ വി ഡി സതീശൻ രണ്ട് പുതിയ ഉദ്യോഗസ്ഥർക്ക് സിപിഐഎം ബന്ധം ഉണ്ടെന്നും ആരോപണം ഉന്നയിച്ചു. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
സിപിഐഎം നേതാക്കളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. എസ്ഐടി അന്വേഷിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ഫോട്ടോ എടുത്തവരെ കുറിച്ച് അല്ല. സ്വർണ്ണം മോഷ്ടിച്ചവരെ കുറിച്ചാണ്. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നവർ പിണറായി വിജയനെയും ചോദ്യം ചെയ്യണം. അടൂർ പ്രകാശിനൊപ്പം പോകുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയല്ല. അതൊരു തെറ്റ് അല്ല എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം ചില ആളുകൾ കൊണ്ടുവന്ന് വർഗീയത പ്രചരിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. വെള്ളാപ്പള്ളിയെ ചൊല്ലി എൽഡിഎഫിൽ തന്നെ തർക്കം രൂക്ഷമാണ്. സിപിഐഎം- സിപിഐ തർക്കം നിലനിൽക്കുന്നു. ചോദ്യങ്ങളോട് വെള്ളാപ്പള്ളിക്ക് അസഹിഷ്ണുതയാണെന്നും മുസ്ലിം ലീഗിനെതിരെ വെള്ളാപ്പള്ളി പറഞ്ഞത് അടിസ്ഥാന രഹിതമാണെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നാവായി അദ്ദേഹം പ്രതികരിക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
Post a Comment