Join News @ Iritty Whats App Group

സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി

സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി


ബെംഗളൂരു:ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാൽ ആണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്‍റെ പരാതി വിശദമായി അന്വേഷിക്കും.

കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് പേജുള്ള പരാതിയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് നൽകിയത്. ഡിജെ റോയ് ഓഫീസിൽ എത്തിയത് തനിക്കൊപ്പം എന്ന് ടി ജെ ജോസഫ് പറയുന്നു. ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോയി. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് സ്വയം വെടിയുതിർത്തത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് റോയ് നിർദ്ദേശം നൽകിയിരുന്നുവെന്നും പരാതില്‍ പറയുന്നുണ്ട്.

കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കോടീശ്വരന്മാരുടെ പട്ടികയിലേക്ക് സി ജെ റോയി ഉയർന്നത്. 2005ൽ തുടങ്ങിയ കോൺഫിഡന്റ് ഗ്രൂപ്പ് രണ്ട് പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലും വിദേശത്തും ഏറ്റവും വിശ്വസ്തമായ നിർമാണ കമ്പനിയായി മാറി. അതുകൊണ്ടുതന്നെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളത്തിലെ ബിസിനസ് സമൂഹവും. കേന്ദ്ര ഏജൻസികൾ സി ജെ റോയിയെ വിടാതെ പിന്തുടർന്നത് എന്തിനെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സാധാരണ നികുതി പരിശോധനകൾ ഏത് ബിസിനസിലും സ്വാഭാവികം എന്നിരിക്കെ റോയിയുടെ കാര്യത്തിൽ അസാധാരണമായി എന്താണ് ഉണ്ടായത് എന്നതും വ്യക്തമല്ല. റോയിക്കെതിരെ നടന്ന ആദായ നികുതി പരിശോധനയുടെ നാൾവഴി ഒന്ന് നോക്കാം.

ഡിസംബർ 3: കൊച്ചിയിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ബെംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തി. സി.ജെ റോയ് അപ്പോൾ ദുബൈയിയിൽ. ഡിസംബർ ആറ് വരെ റെയ്ഡ് തുടർന്നു.

പിന്നാലെ റെയ്ഡിനെതിരെ ബംഗളൂരു ഹൈക്കോടതിയിൽ റോയ് ഹർജി നൽകി. കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിൽ പരിശോധന നടത്താൻ ആവില്ലെന്ന് ആയിരുന്നു വാദം.

ഹർജിയിൽ ഐടി ഡിപ്പാർട്മെന്റിന് അനുകൂലമായി ഉത്തരവ് വന്നു.

ഇതിന് പിന്നാലെ ജനുവരി 28 നു ബെംഗളൂരുവിൽ എത്താൻ റോയിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. ജോയിന്റ് കമ്മിഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം 28 ന് പരിശോധന പുനരാരംഭിക്കുന്നു. റോയിയും ഓഫീസിൽ എത്തി.

ഇന്നലെ 11 മണിയോടെ റെയ്ഡ് പ്രശ്നമാകുന്നു. 'ടൂ മച്ച് ട്രബിൾ' എന്ന് വിദേശത്തുള്ള ജേഷ്ഠൻ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചതായി പറയുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ന് റോയി ജീവനൊടുക്കി. ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട ശേഷം സ്വയം വെടിയുതിർത്തു. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ ശേഷം ആയിരുന്നു ആത്മഹത്യ.

Post a Comment

Previous Post Next Post
Join Our Whats App Group