Join News @ Iritty Whats App Group

രണ്ട് വർഷത്തിനുള്ളിൽ ജയിച്ചില്ലെങ്കിൽ ജോലി പോകും? സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് സർക്കാർ ഉത്തരവിലും സംരക്ഷണമില്ല; ടെറ്റ് പരീക്ഷയെഴുതണം

രണ്ട് വർഷത്തിനുള്ളിൽ ജയിച്ചില്ലെങ്കിൽ ജോലി പോകും? സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് സർക്കാർ ഉത്തരവിലും സംരക്ഷണമില്ല; ടെറ്റ് പരീക്ഷയെഴുതണം


തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പാസായിരിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡം സർക്കാർ പുറത്തിറക്കിയതോടെ സംസ്ഥാനത്തെ അയ്യായിരത്തിലേറെ അധ്യാപകർ ആശങ്കയിൽ. രണ്ട് വർഷത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസായില്ലെങ്കിൽ ജോലി പോകുമെന്നതാണ് ആശങ്കയ്ക്ക് കാരണം. നെറ്റ്, എംഫിൽ, എംഎഡ്, പിഎച്ച്ഡി അടക്കം ഉയർന്ന യോഗ്യതയുടെ അടിസ്ഥാനത്തിൽ ടെറ്റ് പരീക്ഷ പാസാകാതെ ജോലിക്ക് കയറിയ അയ്യായിരത്തോളം അധ്യാപകരാണ് ഇപ്പോൾ ജോലി പോകുമെന്ന ഭീതിയിൽ കഴിയുന്നത്.

സുപ്രീം കോടതി കർശനമായി നടപ്പാക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ എന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവ്. നെറ്റ്, എംഎഡ്, പിഎച്ച്ഡി യോഗ്യതകളുള്ളവർക്ക് ടെറ്റ് പരീക്ഷ പാസാകാതെ ടെറ്റ് യോഗ്യത നിർബന്ധമായ ജോലിക്ക് അപേക്ഷിക്കാനാവില്ല എന്നായിരുന്നു സുപ്രീം കോടതി വിധി. കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയാണ് ടെറ്റെന്നും സ്കൂൾ അധ്യാപകരാകാനുള്ള ഈ യോഗ്യത എല്ലാ അധ്യാപകരും പാസാകണമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അഞ്ച് വർഷം വരെ സർവീസ് കാലാവധി ബാക്കിയുള്ളവർക്ക് ഇളവ് നൽകി ഉത്തരവ് നടപ്പാക്കാനും രണ്ട് വർഷത്തിനുള്ളിൽ ടെറ്റ് പാസാകാത്തവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കെ-ടെറ്റ് കാറ്റഗറി 1 മുതൽ നാല് വരെയുള്ള യോഗ്യത നേടുന്നതിൽ നിന്ന് ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കാമെന്ന മുൻ വ്യവസ്ഥ സർക്കാർ ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. ഇതോടെ കെ-ടെറ്റ് യോഗ്യതയുള്ളവർക്ക് മാത്രമേ പ്രധാന അധ്യാപകരാകാനാവൂ. ഹയർ സെക്കണ്ടറിയിലേക്ക് പ്രൊമോഷനും ഈ യോഗ്യത ആവശ്യമാണ്. ഹൈസ്‌കൂൾ അധ്യാപകരായി നിശ്ചിത കാലം സർവീസ് പൂർത്തിയാക്കി പ്രമോഷൻ കാത്തിരുന്ന അധ്യാപകർക്ക് ഇനി ഇത് ലഭിക്കണമെങ്കിലും ടെറ്റ് പാസാകണമെന്ന സ്ഥിതിയാണ്. ഇതാണ് ഇപ്പോൾ അധ്യാപകരുടെ ആശങ്ക വർധിക്കാൻ കാരണം.

Post a Comment

Previous Post Next Post
Join Our Whats App Group