ആന്‍റണി രാജുവിനും ജോസിനുമെതിരെ വിധിയിൽ കടുത്ത പരാമര്‍ശം; 'നീതി നിര്‍വഹണത്തിന്‍റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി'
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജുവിന് തടവും പിഴയും വിധിച്ചുള്ള കോടതി ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്. കേസിലെ പ്രതിയായ ആന്‍റണി രാജുവിനും കൂട്ടുപ്രതിയായ മുൻ തൊണ്ടി ക്ലർക്ക് ജോസിനുമെതിരെ വിധിയിൽ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. കുറ്റകൃത്യം നടത്തിയവർ കോടതി ഉദ്യോഗസ്ഥനും അഭിഭാഷകനുമാണെന്നത് ഗൗരവമേറിയ കാര്യമാണെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. നീതി നിർവഹണത്തിന്‍റെ അടിത്തറയെ തന്നെ തകർക്കുന്ന നടപടിയാണ് ഇരുവരുടേതെന്നും കോടതി ഉത്തരവിൽ പറയുന്നു. നിയമത്തെപ്പറ്റി വ്യക്തമായ ബോധമുള്ള ഇവർ ചെയ്ത കുറ്റം നിസാരമായി കാണാൻ സാധിക്കില്ലെന്നും കോടതി ഉത്തരവിലുണ്ട്. കുറ്റമാണെന്ന് അറിഞ്ഞുകൊണ്ടാണ് ആന്‍റണി രാജു തൊണ്ടി മുതൽ വാങ്ങിയത്.
കോടതി ഉത്തരവൊന്നുമില്ലാതെയാണ് ജോസ് തൊണ്ടി മുതൽ ആന്‍റണി രാജുവിന് കൈമാറിയത്. ഇതേക്കുറിച്ച് മൂന്നുമാസത്തോളം ജോസ് മിണ്ടിയില്ലെന്നും പിന്നീട് തൊണ്ടി മുതൽ പരിശോധിക്കാതെ തിരികെ വാങ്ങിയെന്നും ഇതാണ് ക്രമക്കേടിന് ഇടയാക്കിയതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. വെറുമൊരു വീഴ്ചയായി ഇതിനെ കാണാൻ കഴിയില്ല. തൊണ്ടി മുതൽ വാങ്ങാൻ ഒരു അധികാരവും ആന്റണി രാജുവിനില്ല. ഗൂഢാലോചനയക്കും തെളിവ് നശിപ്പിച്ചതിനുമടക്കം തെളിവുണ്ടെന്നും കോടതി ഉത്തരവിലുണ്ട്. തൊണ്ടിമുതൽ അട്ടിമറി കേസിൽ കുറ്റപത്രം നൽകി 19 വർഷങ്ങള്‍ക്ക് ശേഷമാണ് എൽഡിഎഫ് നേതാവ് പ്രതിയായ കേസിൽ വിധി വരുന്നത്. തെളിവ് നശിപ്പിക്കൽ, കള്ളതെളിവ് ഉണ്ടാക്കൽ, ഗൂഡാലോചന, വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ആൻറണി രാജുവിനെയും ജോസിനെയും കോടതി തടവ് ശിക്ഷക്ക് വിധിച്ചത്.സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനക്ക് ക്ലർക്കായ ജോസിനെ മാത്രമാണ് ഒരു വർഷം ശിക്ഷിച്ചത്. മറ്റു വകുപ്പുകളിൽ തെളിവ് നശിപ്പിച്ചതിന് മൂന്നു വർഷവും 10,000 രൂപയും ഗൂഢാലോചന ആറുമാസവും കള്ളതെളിവ് ഉണ്ടാക്കിയതിന് മൂന്നു വർഷവും വ്യാജ രേഖയുണ്ടാക്കിയതിന് രണ്ടു വർഷവുമാണ് ശിക്ഷിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചന തെളിഞ്ഞതിനാൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കുമായിരുന്നു. അതിനാൽ, ശിക്ഷ വിധിക്കുമേലുള്ള വാദം സിജെഎം കോടതിയിൽ കേള്‍ക്കണമെന്ന;്പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻറണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശികഷിച്ചത്. 1990 ഏപ്രില്‍ നാലിനായിരുന്നു സാൽവദോര്‍ പിടിയിലായത്. നീതിന്യായ വ്യവസ്ഥയിലെ അത്യപൂർവ്വ കേസിന്‍റെ വിധിയാണ് 19 വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസട്രേറ്റ് കോടതിയിൽ നിന്നും ഉണ്ടായത്. 10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻറണി രാജു തൊണ്ടി ക്ലർക്കിന്‍റെ സഹായത്തോടെ കോടതിയിൽ നിന്നു പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ വയ്ക്കുകയായിരുന്നു.തൊണ്ടി വസ്ത്രം പ്രതിയുടെതല്ല പ്രതിഭാഗം വാദം അംഗീകരിച്ചാണ് നാലു വർഷത്തിനുശേഷം ഹൈക്കോടതി സാൽവദോറിനെ വെറുതെവിടുകയായിരുന്നു.
Post a Comment