മൂന്നാം തവണയും ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും
കണ്ണൂര്‍: മൂന്നാം തവണയും പിണറായി വിജയന്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റനാകും. ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. തുടര്‍ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് പിണറായി വിജയനല്ലാതെ മറ്റൊരുമുഖം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനുമില്ല. ഭരണ മികവിനുള്ള അംഗീകാരമായി കിട്ടിയതാണ് 2021 ലെ തുടര്‍ഭരണമെന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും വിലയിരുത്തല്‍. മൂന്നാമൂഴത്തിന് പിണറായി വിജയന്‍ ഇറങ്ങാനുള്ള പ്രധാനകാരണം ഇതുതന്നെ. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പ് പോലെ, നയിക്കാന്‍ പിണറായി ഉണ്ടെങ്കില്‍ വിജയം കൂടെയുണ്ടാകുമെന്നാണ് സിപിഎം നേതാക്കളുടെയും പ്രതീക്ഷ.
ക്ഷേമപ്രവര്‍ത്തനങ്ങളിലൂന്നിയുള്ള പത്തുവര്‍ഷത്തെ ഭരണം ലോക്സഭ-തദ്ദേശ തിരഞ്ഞെടുപ്പുകളുടെ പാറ്റേണ്‍ മാറ്റുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ ഉറച്ചവിശ്വാസം. വീട്ടിലിരുന്ന് മത്സരിച്ചാലും മികച്ച ഭൂരിപക്ഷം കിട്ടുമെന്നുറപ്പുള്ള ധര്‍മടം മണ്ഡലമുള്ളപ്പോള്‍ സംസ്ഥാത്താകമാനം പിണറായിക്ക് പ്രചാരണത്തിന് പോകുകയും പ്രയാസമില്ല. അര ലക്ഷത്തോളം ഭൂരിപക്ഷമുണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. തദ്ദേശ തെരഞ്ഞെടുപ്പിലും മാറ്റമില്ല. എട്ട് പഞ്ചായത്തിലും എൽഡിഎഫ് തന്നെ. പിണറായി വിജയന്‍ തന്നെ മത്സരിക്കണം എന്നതിനും പാര്‍ട്ടിയില്‍ കാരണങ്ങളുണ്ട്. കോടിയേരി ബാലകൃഷ്ണന്‍റെ അകാലവിയോഗം പാര്‍ട്ടിയില്‍ രണ്ടാമനെ ഇല്ലാതാക്കി. അതിന് താഴേക്കൊരു നിരയിലേക്ക് നായകനെ കണ്ടെത്തുക ഇപ്പോള്‍ എളുപ്പവുമല്ല.
മത്സരിക്കാതെ പിണറായി മാറിനിന്നാല്‍ മുന്നണിക്ക് തന്നെ ഊര്‍ജവും കുറയും. എന്നാല്‍ പ്രായം എണ്‍പത് പിന്നിട്ടു. ഇതിലും പ്രായത്തില്‍ വിഎസ് മത്സരിച്ച് ജയിച്ചിട്ടുണ്ട് എന്നത് സമീപകാല ചരിത്രം. കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് വീണ്ടും സീറ്റുനല്‍കി തന്നേക്കാള്‍ പ്രായമുള്ളവര്‍ മത്സരിക്കുന്നുണ്ടെന്ന തന്ത്രം ഇത്തവണയും പിണറായി പയറ്റുമെന്നാണ് സൂചന. സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന മൂന്ന് ഉറപ്പുകളുണ്ട്. ഒന്ന് പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കും. രണ്ട് ഭരണംകിട്ടിയാല്‍ വീണ്ടും മുഖ്യമന്ത്രിയാകും. മൂന്ന് ഭരണംപോയാല്‍ പ്രതിപക്ഷ നേതാവാകില്ല.
Post a Comment