Join News @ Iritty Whats App Group

പിഎഫ്ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്: സംസ്ഥാനത്ത് 9 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു

പിഎഫ്ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്: സംസ്ഥാനത്ത് 9 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു


കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിൽ എൻഐഎയുടെ വ്യാപക റെയ്ഡ്. ബുധനാഴ്ച പുലർച്ചെ മുതൽ സംസ്ഥാനത്തെ ഒൻപതോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. 2022ൽ രജിസ്റ്റർ ചെയ്ത ജിഹാദി ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് എൻഐഎ വാർത്താ കുറിപ്പിൽ അറിയിച്ചു.എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി നടന്ന റെയ്ഡിൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും സുപ്രധാന രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.

തൃശൂർ ചാവക്കാട് പാലയൂരിൽ എസ്ഡിപിഐ നേതാവ് ഫാമിസ് അബൂബക്കറിന്‍റെ വീട്ടിലും കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലും മണിക്കൂറുകളോളം പരിശോധന നീണ്ടുനിന്നു. പിഎഫ്ഐയുടെ അനുബന്ധ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളുടെ വീടുകളും ഓഫീസുകളുമാണ് പ്രധാനമായും നിരീക്ഷണത്തിലുണ്ടായിരുന്നത്. 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വർഗീയ ഭിന്നതയുണ്ടാക്കാനും യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാനും പിഎഫ്ഐ ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎ പറയുന്നത്.

ഇതിനായി യുവാക്കൾക്ക് ആയുധ പരിശീലനം നൽകുന്നതിനും 'ഹിറ്റ് ടീമുകളെ' സജ്ജമാക്കുന്നതിനും സംഘടന രഹസ്യ കേന്ദ്രങ്ങൾ ഉപയോഗിച്ചിരുന്നു. ശാരീരിക പരിശീലനം, യോഗ എന്നിവയുടെ മറവിലാണ് ആയുധങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം നൽകിയിരുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പിടികിട്ടാപ്പുള്ളികളായ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കുന്ന ശൃംഖലകളെ തകർക്കുക എന്നതായിരുന്നു ബുധനാഴ്ചത്തെ റെയ്ഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകക്കേസിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ഈ പരിശോധനയിലൂടെ അന്വേഷണ സംഘം തേടിയിട്ടുണ്ട്. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ സംഘടനയുടെ വിദേശ ഫണ്ടിംഗിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻഐഎ വാര്‍ത്താ കുറിപ്പിൽ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group