Join News @ Iritty Whats App Group

വര്‍ഷങ്ങളായി ജനങ്ങളുടെ ആശ്രയമായിരുന്ന തപാല്‍ ഓഫീസുകൾ അടച്ചുപൂട്ടുന്നു, താഴ് വീഴുക 23 എണ്ണത്തിന്

വര്‍ഷങ്ങളായി ജനങ്ങളുടെ ആശ്രയമായിരുന്ന തപാല്‍ ഓഫീസുകൾ അടച്ചുപൂട്ടുന്നു, താഴ് വീഴുക 23 എണ്ണത്തിന്


ണ്ണൂർ: പോസ്റ്റല്‍ ആക്‌ട് ഭേദഗതിയുടെ ഭാഗമായി കണ്ണൂർ ജില്ലയില്‍ 23 തപാല്‍ ഓഫീസുകളുടെ ഭാവി അനിശ്ചിതത്വത്തില്‍.

നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുനഃക്രമീകരണ നയത്തിന്റെ ഭാഗമായാണ് വരുമാനം കുറഞ്ഞ പോസ്റ്റോഫീസുകള്‍ അടച്ചു പൂട്ടുന്നത്.

കണ്ണൂർ, പയ്യന്നൂ‌ർ പോസ്റ്റല്‍ ഡിവിഷനു കീഴിലുള്ള 23 തപാല്‍ ഓഫീസുകളാണ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. ജില്ലയില്‍ 434 പോസ്റ്റോഫീസുകളാണ് ഉള്ളത്. ഒരുവർഷത്തെ ചെലവിന്റെ 20 ശതമാനം പോലും വരവില്ലാത്ത പോസ്റ്റോഫീസുകളാണ് അടച്ചുപൂട്ടുക. നഷ്ടം കാരണം മൂന്ന് മാസം മുമ്പ് ചിറക്കല്‍ പോസ്റ്റോഫിസ് പൂട്ടിയിരുന്നു. തുടർന്ന് പൂട്ടാനൊരുങ്ങുന്ന 23 പോസ്റ്റോഫീസുകളില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളില്‍ പ്രവർത്തിക്കുന്നവയാണ്. അടുത്തിടെ ചാലാട് പോസ്റ്റോഫിസ് പൂട്ടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ കെ.വി സുമേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആക്ഷൻ കമ്മിറ്റി മാർച്ച്‌ നടത്തിയിരുന്നു. വിഷയത്തില്‍ കെ. സുധാകരൻ എം.പി ഇടപെടുകയും തുടർന്ന് അടച്ചുപൂട്ടല്‍ നടപടി നിർത്തിവയ്ക്കണമെന്ന് കേന്ദ്രം കമ്മ്യൂണിക്കേഷൻ മന്ത്രിയായ ജ്യോതിരാതിത്യ സിന്ധ്യയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പോസ്റ്റോഫീസുകള്‍ അടച്ചുപൂട്ടിയാല്‍ രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ്, പാഴ്സല്‍ തുടങ്ങിയ തപാല്‍ ഉരുപ്പടികള്‍ കുറഞ്ഞ ചെലവില്‍ ബുക്ക് ചെയ്യാനുള്ള ഉപഭോക്താക്കളുടെ സൗകര്യം ഇല്ലാതാകും. പോസ്റ്റല്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ തുടങ്ങിയ ഉപഭോക്താവിന് വീടിനു സമീപം ലഭ്യമായിരുന്ന സേവനത്തിന് വിദൂര പോസ്റ്റോഫീസുകളെ ആശ്രയിക്കേണ്ടിവരും.

കേന്ദ്ര സർക്കാ‌ർ നയം ഇങ്ങനെ

തപാല്‍ ഓഫിസുകള്‍ ഇല്ലാത്തിടത്ത് തുടങ്ങുകയും കൂടുതല്‍ പേർക്ക് സേവനം ലഭ്യമാക്കുകയുമാണ് പോസ്റ്റല്‍ ആക്‌ട് ഭേദഗതി നയത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. നഗരങ്ങളില്‍ രണ്ടുകിലോമീറ്റർ ദൂരപരിധിക്കകത്തും ഗ്രാമത്തില്‍ അഞ്ചുകിലോമീറ്റർ ദൂരപരിധിക്കുള്ളിലും ഒന്നില്‍ക്കൂടുതല്‍ ഓഫീസുകള്‍ ഉണ്ടെങ്കില്‍ ഇവ ഇല്ലാത്തിടങ്ങളിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനം.

പ്രതിസന്ധി വൻ സാമ്പത്തിക ബാദ്ധ്യത

ലാഭമില്ലാതെ വർഷങ്ങളായി പ്രവർത്തിക്കുന്ന പോസ്റ്റോഫീസുകള്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. സ്വന്തമായി കെട്ടിടമുള്ളത് ചുരുക്കം പോസ്റ്റോഫിസുകള്‍ക്ക് മാത്രം. മറ്റുള്ളവയ്ക്ക് ഒരുവർഷം വാടകയിനത്തില്‍ മാത്രം വലിയ തുകയാണ് അടയ്ക്കേണ്ടി വരുന്നത്. അതിന് പുറമേ വൈദ്യുതി ബില്‍, ശമ്പളം, മറ്റ് ചെലവുകള്‍ എന്നിവയും ബാധ്യതയാണ്. ലാഭമില്ലെങ്കിലും ചിലവിന്റെ 20 ശതമാനമെങ്കിലും തിരികെ കിട്ടാത്തവ പൂട്ടുകയേ നിർവാഹമുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.

ജീവനക്കാർ മുൻകൈ എടുക്കാതെ പോസ്റ്റോഫീസ് പ്രവർത്തനം ലാഭകരമാക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കത്തിടപാടുകള്‍ക്ക് പുറമേ പോസ്റ്റോഫീസുകളില്‍ പോസ്റ്റല്‍ ഇൻഷൂറൻസ്, ഡെപ്പോസിറ്റ് തുടങ്ങിയ ധാരാളം സ്‌കീമുകളുണ്ട്. എന്നാല്‍ ഇത് ജനങ്ങളെ പറഞ്ഞ് മനസിലാക്കി, അവരെ ഇത്തരം സ്‌കീമുകളില്‍ ചേർക്കാൻ ജീവനക്കാർ മുന്നോട്ടു വരുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിലവില്‍ പൂട്ടാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ട പോസ്റ്റോഫിസുകളില്‍ വരുമാനം വർദ്ധിപ്പിക്കാൻ നിശ്ചിത സമയം അധികാരികള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വരുമാനം കണ്ടെത്താൻ സാധിച്ചാല്‍ പ്രവർത്തനം നിലനിർത്തും.

Post a Comment

Previous Post Next Post
Join Our Whats App Group