കച്ചേരിക്കടവിലും അയ്യപ്പങ്കാവിലും അഞ്ചുപേര്‍ക്ക് നായയുടെ കടിയേറ്റു
ഇരിട്ടി: കാക്കയങ്ങാട് അയ്യപ്പങ്കാവിലും കച്ചേരിക്കടവിലും അഞ്ചുപേർക്ക് നായയുടെ കടിയേറ്റു. കച്ചേരിക്കടവില്‍ പാലുകുന്നേല്‍ മേരി (73), ചിറപ്പാട്ട് ഏലിക്കുട്ടി (63), മുണ്ടാട്ട് മേരി (70) എന്നിവർക്കാണ് കടിയേറ്റത്.
കച്ചേരിക്കടവില്‍ ഇന്നലെ പുലർച്ചെ 6.30 ഓടെ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് മൂന്നുപേർക്കും കടിയേറ്റത്. കൈയ്ക്കും കാലിനും കടിയേറ്റ മൂന്നുപേരെയും ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പള്ളിയിലേക്ക് പോകും വഴി നായ പിന്നില്‍ നിന്നും വന്ന് ആക്രമിക്കുകയായിരുന്നു.
നായയുടെ ആക്രമണത്തില്‍ റോഡില്‍ വീണ മേരിയുടെ കൈമുട്ടിന് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേർക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട് . പരിക്കേറ്റവരെ നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ എന്നിവർ സ്ഥലത്തെത്തി സന്ദർശിച്ചു.
കാക്കയങ്ങാട് അയ്യപ്പൻകാവില്‍ മുഹമ്മദ് കുഞ്ഞി (60), ഇതര സംസ്ഥാന തൊഴിലാളി ഹൈതം(38) എന്നിവർക്കാണ് കടിയേറ്റത്. ഇരുവരേയും ഇരിട്ടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂർ സ്വദേശിയായ മുഹമ്മദ് കുഞ്ഞി രാവിലെ അയ്യപ്പൻകാവ് പുഴക്കരയില്‍ കട തുറക്കാൻ എത്തിയപ്പോള്‍ പിന്നില്‍ നിന്നും എത്തി കടിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയാ ഹൈതമിന് തൊഴിലിടത്തിലേക്ക് പോകുന്ന വഴിയാണ് കടിയേറ്റത്. ചെങ്ങാടി വയല്‍ മേഖലയില്‍ വളർത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിറ്റുണ്ട്. മേഖലയിലെ അയ്യപ്പൻകാവ്, പുഴക്കര, ചെങ്ങാടി വയല്‍ മേഖലയില്‍ തെരുവനായ ശല്യം രൂക്ഷമാണ്.
Post a Comment