എസ്ഐആര്‍ ഫോം ഫില്‍ എപികെ തട്ടിപ്പ്: പുതിയ സൈബർ തട്ടിപ്പില്‍ വീഴല്ലേ…
കൊച്ചി. ഇന്ന് സൈബര്‍ തട്ടിപ്പുകള്‍ പല വിധത്തിലാണ് വരുന്നത്. ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കല്‍, സര്‍വേ എന്നിവയിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നല്കി തട്ടിപ്പു നടത്തുന്നതാണ് (എസ്ഐആര്‍ ഫോം ഫില്‍ എപികെ സ്കാം) ഇത്തരം തട്ടിപ്പുകളിലെ ലേറ്റസ്റ്റ്. ഇതോടെ പുതിയ തരം സൈബര്‍ തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലീസും രംഗത്തെത്തി.
ആ മൊബൈല്‍ ആപ്പ് വ്യാജം
വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴി ആളുകളെ ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍, എസ്ഐആര്‍ ഫോം ഫില്‍ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ (എപികെ ഫയല്‍) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഇത്തരം വ്യാജ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ബാങ്കിംഗ് വിവരങ്ങള്‍, എസ്എംഎസ്, ഒടിപി, കോണ്ടാക്ട് ലിസ്റ്റ് എന്നിവ തട്ടിപ്പുകാര്‍ക്ക് പൂര്‍ണമായും ചോര്‍ത്താന്‍ സാധിക്കും.
മൊബൈല്‍ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്ന തട്ടിപ്പുകാര്‍, ഒടിപി പിടിച്ചെടുത്ത് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം കവര്ന്നുവരികയാണ്. ഒരു തവണ പണം നഷ്ടപ്പെട്ടവരോട് വീണ്ടും വ്യാജ കാരണങ്ങള്‍ പറഞ്ഞ് തുക ആവശ്യപ്പെടുന്ന രീതിയും നിലവിലുണ്ട്. ഇത്തരം സംശയാസ്പദമായ ലിങ്കുകളിലോ എ.പി.കെ ഫയലുകളിലോ ക്ലിക്ക് ചെയ്യരുതെന്നാണ് പോലീസ് മുന്നറിയിപ്പ്.
വിളിക്കൂ 1930 ലേക്ക്
തട്ടിപ്പിന് ഇരയാകുന്നവര്‍ എത്രയും വേഗം 1930 എന്ന സൈബര്‍ ക്രൈം ഹെല്പ്പ്ലൈന് നമ്പറിലോ www.cybercrime.gov.in എന്ന പോര്‍ട്ടലിലോ പരാതി രജിസ്റ്റര്‍ ചെയ്യണം.
Post a Comment