ഹുൻസൂരിലെ ജ്വല്ലറി കവർച്ചയ്ക്കു പിന്നിൽ പ്രഫഷണൽ കൊള്ളസംഘം? അന്വേഷണം സമീപ സംസ്ഥാനങ്ങളിലേക്കും
ഇരിട്ടി: പട്ടാപ്പകൽ ഹുൻസൂരിലെ സ്കൈ ജ്വല്ലറിയിൽ നിന്ന് ഏഴു കിലോയോളം സ്വർണം കൊള്ളയടിച്ചതിനുപിന്നിൽ അന്തർ സംസ്ഥാന മോഷണ സംഘമാണെന്ന സംശയം ശക്തം. ആസൂത്രിതമായി ദീർഘനാളത്തെ നിരീക്ഷണത്തിനു ശേഷമാണ് കൊള്ള നടത്തിയതെന്നാണ് വിലയിരുത്തൽ. തോക്കുമായി ജ്വല്ലറിയിൽ എത്തിയ അഞ്ചംഗസംഘം സംസാരിച്ചിരുന്നത് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേരുകളുള്ള സംഘമായിരിക്കാം കൊള്ളയ്ക്കു പിന്നിലെന്നും സംശയമുണ്ട്.
പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ഹുൻസൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മോഷണം നടത്താൻ പ്രതികൾ തെരഞ്ഞെടുത്ത സമയവും ദിവസവും കൃത്യമായ ആസൂത്രണത്തിന്റെ തെളിവാണ്.ഹുൻസൂർ മാർക്കറ്റിൽ പൊതുവായി നാലാമത്തെ ഞായറാഴ്ച കടകൾ ഭൂരിഭാഗവും അവധി ആയിരിക്കും. അതുകൊണ്ടുതന്നെ മാർക്കറ്റിൽ ആളുകളുടെ സാന്നിധ്യം വളരെ കുറവായിരിക്കും.
ഭൂരിപക്ഷം കടകളും അവധിയായ ദിവസം കൊള്ളയടിച്ചാൽ നഗരത്തിരക്കിൽ പെടാതെ എത്രയും പെട്ടെന്ന് രക്ഷപ്പെടാനാകും എന്ന നിരീക്ഷണത്തിലാവാം നാലാമത്തെ ഞായറാഴ്ചത്തെ കൊള്ളയെന്നാണു കരുതുന്നത്. കൊള്ളസംഘം ജ്വല്ലറിയിൽ എത്തുമ്പോൾ സ്വർണം വാങ്ങാനെത്തിയവരിൽ കൊച്ചുകുട്ടികൾ അടക്കമുള്ള കുടുംബം ഉള്ളിലുണ്ടായിരുന്നു. കൊള്ളയ്ക്കെത്തിയ അഞ്ചംഗസംഘത്തിൽ എല്ലാവരുടെയും കൈയിൽ തോക്കുകളുണ്ടായിരുന്നു. ഷോപ്പ് മാനേജർക്കു നേരെ വെടിയുതിർത്ത് കടയ്ക്കുള്ളിൽ ഭീകരാന്തരീഷം സൃഷ്ടിച്ച് മിനിറ്റുകൾക്കുള്ളിലാണ് സംഘം രക്ഷപ്പെട്ടത്. പ്രഫഷണൽ സംഘമാണ് കൊള്ളയ്ക്കു പിന്നിലെന്നാണ് നിഗമനം.
സ്കൈ ജ്വല്ലറി ഗ്രൂപ്പിന് കേരളത്തിലും കർണാടകയിലുമായി എട്ട് ബ്രാഞ്ചുകളാണുള്ളത്. കർണാടകയിൽ നാലുബ്രാഞ്ചുകളാണ് പ്രവർത്തിക്കുന്നത്. ജ്വല്ലറിയിൽ എത്തിയ കൊള്ളസംഘം ഷോപ്പ് മാനേജർ വയനാട് അസ്കറിന് നേരെ വെടിയുതിർത്തിരുന്നു. അസ്കർ അക്രമികളിൽ നിന്നു കടയ്ക്ക് വെളിയിലേക്ക് ഓടി രക്ഷപ്പെടുമ്പോൾ പിന്നാലെ എത്തിയ കൊള്ളസംഘത്തിലെ ഒരാൾ വെടി ഉതിർക്കാൻ ശ്രമിക്കുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. എട്ടു ജീവനക്കാരാണ് ഷോറൂമിൽ ജോലി ചെയ്യുന്നത്. പകുതിയോളം പേർ മലയാളികളും ബാക്കിയുള്ളവർ പ്രദേശവാസികളുമാണ്.
ഹുൻസൂരിലെ കൊള്ളയ്ക്കുശേഷം പ്രതികൾ കേരളം, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലേക്ക് കടക്കാനുള്ള സാധ്യത പോലീസ് തള്ളുന്നില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിലെ പോലീസിനും കർണാടക പോലീസ് സിസിടിവി ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാന അതിർത്തി മേഖലയുൾപ്പെടെയുള്ള ഭാഗങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്. ഒരുപക്ഷേ കർണാടകയിൽ തന്നെ ഏതെങ്കിലും സുരക്ഷിത കേന്ദ്രങ്ങളിൽ ഒളിച്ചു കഴിയുന്നുണ്ടാകാം എന്ന സംശയത്തിൽ കർണാടകയിൽ പോലീസ് ശക്തമായ തെരച്ചിലും നടത്തി വരുന്നുണ്ട്. കവർച്ചാസംഘത്തിന് ഹുൻസൂരിൽ പ്രാദേശികമായ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. തോക്കുകളുമായെത്തിയ പ്രതികളെ കണ്ടെത്തിയാൽ തന്നെ ഏറ്റുമുട്ടൽ സാധ്യതയുണ്ടായേക്കാം എന്നതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പ്രതികൾക്കായി തെരച്ചിൽ നടത്തിവരുന്നത്.
Post a Comment