Join News @ Iritty Whats App Group

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്; 'അതിജീവിതക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം'

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്; 'അതിജീവിതക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം'


തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. അതിജീവിതക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും ടൊവിനോ തോമസ് പറഞ്ഞു. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ 22 ാം വാര്‍ഡിലാണ് ടൊവിനോ തോമസിന് വോട്ട്. കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷണാണ് മാധ്യമങ്ങളോട് ടൊവിനോ പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നാണ് സംവിധായകൻ സത്യൻ അന്തിക്കാട് പ്രതികരിച്ചത്. കോടതിയിൽ വിശ്വസിക്കുന്നു. കോടതിക്ക് അപ്പുറം ഒന്നും അറിയില്ല. നേരിട്ട് കുറ്റക്കാരായവരെ ശിക്ഷിച്ചു. എതിരഭിപ്രായമുള്ളവര്‍ക്ക് മേൽ കോടതിയെ സമീപിക്കാനുള്ള സംവിധാനം ഉണ്ടെന്നും സത്യൻ അന്തിക്കാട് പ്രതികരിച്ച. ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കോടതിയുടെ അറിവും ബോധ്യവുമാണ്. തെളിവുകളും സാക്ഷികളും രേഖകളുമൊക്കെ നോക്കിയാണ് കോടതി വിധി പറയുന്നത്. ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ കോടതിയോട് ബഹുമാനമുണ്ട്. താൻ സിനിമാ സംഘടനയിൽ വളരെ സജീവമായിട്ടുള്ള ആളല്ല. ദിലീപ് ഫെഫ്കയിലേക്കും അമ്മയിലേക്കും തിരിച്ച് വരുന്നത് ഇപ്പോൾ സംസാരിക്കേണ്ട വിഷയമല്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയപ്പോള്‍ നടൻ ആസിഫ് അലിയും ലാലുമടക്കമുള്ളവരും പ്രതികരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധിക്കെതിരെ മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയ്യാറാണെന്നാണ് നടൻ ലാൽ വ്യക്തമാക്കിയിരുന്നത്. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ലെന്നും വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്കറിയില്ലെന്നും ലാൽ പറഞ്ഞിരുന്നു. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നുമാണ് ലാൽ പ്രതികരിച്ചത്.

ഏത് സമയത്തും അതിജീവിതക്കൊപ്പമാണെന്നും പിന്തുണയുണ്ടെന്നും വിധിയെ കുറിച്ച് അഭിപ്രായം പറയാനുള്ളയാളല്ല താനെന്നുമായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. അതിജീവിതയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. അതിജീവിതയുടെ പ്രതികരണം നേരിട്ട് അറിയിക്കുമായിരിക്കും. എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കേണ്ട വിഷയം കൂടിയാണിത്. പല തരത്തിലും വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒരു ടോപ്പിക്കാണിത്. പറയുന്നത് കൃത്യതയോടെ പറയണം. പല അഭിപ്രായങ്ങളും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം സോഷ്യൽ മീഡിയ ആക്രമണത്തിലേക്കെല്ലാം പോയിട്ടുണ്ട്. പറയാനുള്ളത് കൃത്യമായി മനസ്സിലാക്കി സംസാരിക്കണമെന്നുമാണ് ആസിഫ് അലി പ്രതികരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group