ക്രിസ്തുമസ് പുതുവത്സരാഘോഷം;ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ഇരിട്ടി നഗരം
ഇരിട്ടി: മൂന്നു ദിവസമായി ഇരിട്ടി നഗരത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് ബുധനാഴ്ചയും തുടർന്നു. ഇരിട്ടിയിൽ പുതിയ പാലം യാഥാർത്ഥ്യമായതിന് ശേഷം നഗരത്തിൽ അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് മൂന്നു ദിവസങ്ങളിലായി ഉണ്ടായത് . നഗരത്തിൽ ഇതുവരെ കാണാത്ത ഗതാഗത സ്തംഭനമാണ് ഉണ്ടായതു. കീഴൂർ മുതൽ ഇരിട്ടി പുതിയ പാലം കവല വരേയും കല്ലുംമുട്ടി മുതൽ പുതിയ പാലം വരേയും രാവിലെ മുതൽ ഇടതടവില്ലാതെ വാഹനങ്ങൾ പ്രവഹിക്കുകയായിരുന്നു. ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ മലയോര മേഖലയിൽ നിന്നും ആളുകൾ കൂട്ടതോടെ നഗരത്തിലേക്ക് ഇറങ്ങിയതും ബാംഗ്ളൂരുവിൽ നിന്നും മറ്റ് ദേശങ്ങളിൽ നിന്നുള്ളവരും കുടുംബത്തോടൊപ്പം ക്രിസ്തുമസ് കൂടാൻ നാട്ടിലേക്ക് എത്തിയതും തിരക്കിനിടയാക്കി. ഇരിട്ടിയിലേക്കും ഇരിട്ടിയിൽ നിന്നും ഉളിക്കൽ, ഇരിക്കൂർ ഭാഗങ്ങളിലേക്കും തിരക്ക് തീരെ അനുഭവപ്പെട്ടതുമില്ല.
പതിവിലും വ്യത്യസ്തമായി കാറുകളും ഇരുചക്ര വാഹനങ്ങളും കൂടുതലായി നഗരത്തിലേക്ക് എത്തി. മാക്കൂട്ടം -ചുരം പാത വഴി ബാംഗ്ളൂരുവിൽ നിന്നുള്ള മലയാളികളിൽ ഭൂരിഭാഗവും കുടുബസമേതം കാറുകളിലും മറ്റും എത്തിയതോടെയാണ് നഗരത്തിൽ വാഹനങ്ങളുടെ വലീയ പെരുപ്പം അനുഭവപ്പെട്ടത്. ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള ചാർജ്ജിന്റെ രണ്ടിരട്ടിയോളമാണ് വർധനവ് ഉണ്ടായത്. അമിതമായ ചാർജ്ജും ബൂക്കിംങ്ങ് സൗകര്യം ഇല്ലാത്തതും കാരണം മിക്കവരും സ്വന്തം വാഹനവുമായി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.
ക്രസ്തുമാസ് അവധിദിവസങ്ങൾ ആഘോഷിക്കാൻ കുടക് ജില്ലയിലേക്ക് വിനോദസഞ്ചാരികളായി മലയാളികളുടെ വലിയൊരു ഒഴുക്ക് തന്നെയുണ്ടായി. ഈ വര്ഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുടക് ജില്ലയിൽ അനുഭവപ്പെടുന്ന കൊടുംതണുപ്പ് സഞ്ചാരികളിൽ വലിയൊരു വിഭാഗത്തെ കുടകിലേക്ക് അകർഷിച്ചു. ഇതും ഇരിട്ടി - കൂട്ടുപുഴ റൂട്ടിൽ തിരക്കിനിടയാക്കി. ഇരിട്ടി പഴയപാലം അടച്ചിട്ടതിനെ തുടർന്ന് ഒരു മാസത്തിലധികമായി മുടങ്ങിയ വൺവെ സംവിധാനം പുനസ്ഥാപിക്കാനും കഴിഞ്ഞിച്ചില്ല. ഇതുമൂലം ഇരിട്ടിയിലേക്കും ഇരിട്ടിയിൽ നിന്നുള്ള വാഹനങ്ങൾ പാലം കവലയിൽ നിന്നും കൂട്ടുപുഴ, ഉളിക്കൽ, ഇരിക്കൂർ ഭാഗങ്ങളിലേക്ക് തരിഞ്ഞുപോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ഗതാഗതസ്തംഭനമാണ് ഒരുപരിധിവരെ നഗരത്തിലാകെ ഗതാഗതസ്തംഭനത്തിനിടയാക്കുന്നത്. രണ്ട് ദിവസമായി ഇരിട്ടി പാലത്തിലും ടൗണിലും കൂടുതൽ പോലീസിനേയും ഹോംഗാർഡിനേയും നിയമിച്ചാണ് ഗതാഗതം തിരിച്ചു വിടുന്നത്. കെഎസ്ആർടിസ് ബസ് ഇടിച്ചു കയറിയതിനെ തുടർന്നാണ് പഴയപാലം അപകട ഭീഷണിയെ തുടർന്ന് അടച്ചിട്ടത്. രണ്ട് മാസത്തോട് അടുത്തിട്ടും അറ്റകുറ്റുപണി പൂർത്തിയാക്കി പഴയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിഞ്ഞിച്ചില്ല. നഗരത്തിൽ നടക്കുന്ന ആഘോഷപരിപാടികളും തിരക്കിനിടയാക്കുന്നുണ്ട്
Post a Comment