Join News @ Iritty Whats App Group

'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ

'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ


തിരുവനന്തപുരം: ബിജെപിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ലെന്ന് വ്യക്തമാക്കി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് നേതൃത്വത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഏറ്റവും ഉചിതമായ തീരുമാനമാണ് പാർട്ടി കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിക്കും കേന്ദ്ര നേതൃത്വത്തിനും അഭിനന്ദനം

പാർട്ടിയുടെ ഉന്നത നേതൃത്വം എടുത്ത തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നതായിരുന്നു സുരേന്ദ്രന്റെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നേതാക്കൾ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ എടുത്ത തീരുമാനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കുറിച്ചു. കൂടാതെ, തിരുവനന്തപുരത്തെ മുതിർന്ന നേതാവ് കരമന ജയനും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിനും അദ്ദേഹം നന്ദി അറിയിച്ചു. തിരുവനന്തപുരത്തെ ബിജെപിയുടെ മുന്നേറ്റം ലക്ഷോപലക്ഷം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ട വിവി രാജേഷിനും ആശാ നാഥിനും അദ്ദേഹം പ്രത്യേക അഭിനന്ദനങ്ങൾ നേർന്നു. പാർട്ടിക്കുള്ളിലെ അച്ചടക്കവും ഐക്യവുമാണ് ഈ വിജയങ്ങൾ ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ തീരുമാനങ്ങളിൽ മാധ്യമങ്ങൾക്കോ പുറത്തുനിന്നുള്ള ശക്തികൾക്കോ സ്വാധീനമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. "ബിജെപിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ബാഹ്യശക്തികളോ മാധ്യമസുഹൃത്തുക്കളോ അല്ല" എന്നായിരുന്നു പരാമര്‍ശം "വ്യാജൻ കറിയമാർക്ക് നല്ല നമസ്കാരം" എന്ന് പറഞ്ഞ് വിമർശകർക്കും വ്യാജ പ്രചരണം നടത്തുന്നവരെയും അദ്ദേഹം പരിഹസിച്ചു.

വി.വി. രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ പ്രഖ്യാപിച്ചു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് പ്രഖ്യാപനം നടത്തിയത്. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. നിലവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂർ വാർഡ് കൗൺസിലറുമാണ് രാജേഷ്. രാജേഷിന്റെ സ്ഥാനാർത്ഥിത്വത്തിനായി മുരളീധര പക്ഷം ശക്തമായി ഇടപെട്ടതായാണ് സൂചന. മേയർ സ്ഥാനത്തേക്ക് മുൻ ഡിജിപി ആർ. ശ്രീലേഖയെ പരിഗണിച്ചിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനെത്തുടർന്ന് മാറ്റുകയായിരുന്നു. അവർ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും ഉണ്ടാകില്ല. പകരം വിജയസാധ്യതയുള്ള മറ്റൊരു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തതായാണ് വിവരം. പ്രഖ്യാപനത്തിന് ശേഷം ശ്രീലേഖ സ്ഥാനാർത്ഥികൾക്ക് മധുരം നൽകി സന്തോഷം പങ്കുവെച്ചു. കെഎസ് ശബരീനാഥനാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മേരി പുഷ്പം ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും. എൽഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ആർ.പി. ശിവജിയും മത്സര രംഗത്തുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group