Join News @ Iritty Whats App Group

മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, ആക്രമണങ്ങളിൽ മൗനം തുടർന്ന് ബിജെപി

മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, ആക്രമണങ്ങളിൽ മൗനം തുടർന്ന് ബിജെപി


ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും. ക്രിസ്മസ് ദിനത്തിൽ രാവിലെ എട്ടരയ്ക്കുള്ള പ്രാ‍ർത്ഥന ചടങ്ങ് നടക്കുന്ന സമയത്താണ് മോദി പള്ളിയിൽ എത്തുക. സിഎൻഐ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലാണ് മോദിയുടെ സന്ദർശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷനും നാളെ ക്രൈസ്തവർക്കൊപ്പം ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് ദില്ലിയിലെ ന്യൂദില്ലി ചാപ്ലിനിൽ ക്രിസ്ത്യൻ ഹയർ സെക്കൻ്ററി സ്കൂളിലാണ് പരിപാടി.

അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലാവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ രം​ഗത്തെത്തി. ഭയം കൂടാതെ ക്രിസ്മസ് ആഘോഷിക്കാനായി പ്രധാനമന്ത്രി നിയമപാലനം ഉറപ്പാക്കണമെന്ന് സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. അക്രമം അവസാനിപ്പിച്ചിട്ട് വേണം നരേന്ദ്ര മോദി നാളെ പള്ളിയിൽ പോകാനെന്ന് കോൺ​ഗ്രസും വിമർശിച്ചു. വിഷയത്തിൽ ബിജെപി നേതാക്കൾ മൗനം തുടരുകയാണ്.

ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യം ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെടണമെന്നാണ് ക്രൈസ്തവ സഭാ നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ആക്രമണങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിസിഐ വിമർശനം കടുപ്പിക്കുന്നത്.ഇത്തരം ആക്രമണങ്ങൾ ഓരോ വർഷവും കൂടി വരികയാണെന്നും സിബിസിഐ വക്താവ് പറഞ്ഞിരുന്നു. ഇന്നലെ ദില്ലിയിൽ ക്രിസ്മസ് വിരുന്ന് നടത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെയും സിബിസിഐ ആശങ്ക അറിയിച്ചിരുന്നു, ഇടപെടാമെന്ന് മന്ത്രി ഉറപ്പും നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നടക്കമുള്ള വിവിധ സഭാനേതാക്കളും ആവർത്തിക്കുന്ന അക്രമങ്ങളിലെ ആശങ്ക നേതാക്കളെ അറിയിച്ചെന്നാണ് വിവരം.

മധ്യപ്രദേശിൽ കാഴ്ചാപരിമിതിയുള്ള യുവതിയെ ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ വ്യാപകമായി ചർച്ചയായിട്ടും ഇതുവരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടില്ല. ആക്രമണത്തിന് നേതൃത്വം നൽകിയ ജില്ലാ ഉപാധ്യക്ഷ അഞ്ചു ഭാർ​ഗവയെ പുറത്താക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രതികരിച്ചിട്ടില്ല. ദില്ലിയിൽ കരോൾ സംഘത്തെ ആക്രമിച്ചതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. ഉത്തരേന്ത്യയിലെ അക്രമം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നിലപാട് കടുപ്പിക്കുകയാണ്.

ദൃശ്യങ്ങൾ വ്യാപക ചർച്ചയായിട്ടും, പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിട്ടും ബിജെപിയുടെ ദേശീയ നേതാക്കൾ പ്രതികരിച്ചിട്ടില്ല. അതിനിടെ രാജസ്ഥാനിലെ ശ്രീ​ഗം​ഗാന​ഗറിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാനും, സാന്താക്ലോസായി വേഷമിടാനും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നിർബന്ധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. അഡീ. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടേതാണ് ഉത്തരവ്. നാളെ ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി ദില്ലിയിൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ റിഡംപ്ഷൻ കത്തീഡ്രൽ പള്ളി സന്ദർശിക്കാനിരിക്കെയാണ് ഈ സംഭവങ്ങളിൽ രോഷം ഉയരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group