Join News @ Iritty Whats App Group

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; സിപിഎം കോടതിയിലേക്ക്, 'വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടും'

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; സിപിഎം കോടതിയിലേക്ക്, 'വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടും'


തിരുവനന്തപുരം:തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ ചട്ടലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോടതിയിലേക്ക്. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. സത്യപ്രതിജ്ഞ ചെയ്ത ഇരുപത് അംഗങ്ങൾ ചട്ടം ലംഘിച്ചുവെന്നാണ് സിപിഎമ്മിൻ്റെ പരാതി. ബിജെപിയുടെ ചട്ടലംഘനത്തിനെതിരെ സിപിഎം പ്രതിഷേധിച്ചിരുന്നു. നേരത്തെ, ഇതിനെതിരെ പരാതി നൽകിയത് നിലവിലുണ്ട്.

ബലിദാനിയുടെ പേരിൽ ഉൾപ്പെടെയുള്ള പ്രതിജ്ഞ അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം നേതാവ് എസ്പി ദീപക് പറഞ്ഞു. ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. ബിജെപി, യുഡിഎഫ് അംഗങ്ങളായ ഇരുപത് പേർ ചട്ടം ലംഘിച്ചെന്നും വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു. ചട്ടം ലംഘിച്ചവരെ മാറ്റിനിർത്തി വോട്ടെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിൻ്റെ ആവശ്യം. അതിനിടെ, തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു. 51 വോട്ടുകള്‍ നേടിയാണ് വിവി രാജേഷ് മേയറായി വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്‍റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്.

തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. എംആർ ഗോപനാണ് വിവി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വിജി ഗിരികുമാർ പിൻതാങ്ങി. കോൺ​ഗ്രസിന്റെ രണ്ട് വോട്ട് അസാധുവാണ്. 97ആണ് സാധു വോട്ട്. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെആർ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്. ക്ലീറ്റസ് കൗൺസിലിലെ മുതിർന്ന അംഗമാണ്. അതേസമയം, തിരുവനന്തപുരം മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡിജിപി ആർ ശ്രീലേഖ കടുത്ത അതൃപ്തിയിലാണ്. അനുനയിപ്പിക്കാൻ കേന്ദ്ര നേതാക്കൾ ശ്രമം നടത്തുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങൾ. ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനം ബിജെപി എടുക്കുകയായിരുന്നു. തന്റെ അതൃപ്തി അവർ പാർട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന.

Post a Comment

Previous Post Next Post
Join Our Whats App Group