ആധാർ വേരിഫിക്കേഷൻ മാത്രം പോര, തത്ക്കാൽ ടിക്കറ്റ് കിട്ടാൻ പുതിയ കടമ്പ, പരിഷ്കരണവുമായി ഇന്ത്യൻ റെയിൽവേ
ദില്ലി: ട്രെയിൻ തൽക്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ വേരിഫിക്കേഷൻ വേണമെന്ന പരിഷ്കാരം ഇന്ത്യൻ റെയിൽവേ അടുത്തിടെയാണ് കൊണ്ടുവന്നത്. ഇനി ആധാർ വേരിഫിക്കേഷൻ മാത്രം പോര, തൽക്കാൽ ടിക്കറ്റ് കിട്ടാൻ പുതിയ കടമ്പ കൂടി കടക്കണം. യാത്രക്കാരുടെ രജിസ്ട്രർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച വൺ-ടൈം പാസ്‌വേഡ് (OTP) പരിശോധിച്ചുറപ്പിച്ചതിനുശേഷം മാത്രമേ ഇനി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ആദ്യ ഘട്ടത്തിൽ, ട്രെയിൻ നമ്പർ 12009/12010 മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിൽ OTP അടിസ്ഥാനമാക്കിയുള്ള തൽക്കാൽ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ ആരംഭിച്ചു. പിന്നീട് ഇത് എല്ലാ ട്രെയിനുകളിലേക്കും വ്യാപിക്കുമെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.
റെയിൽവേ ബോർഡ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് തത്കാൽ ബുക്കിംഗ് സംവിധാനത്തിൽ പുതിയ പരിഷ്കരണം കൊണ്ടുവന്നത് സിസ്റ്റം ജനറേറ്റ് ചെയ്ത വൺ-ടൈം പാസ്‌വേഡ് (OTP) പരിശോധിച്ച് ഉറപ്പിച്ചതിനുശേഷം മാത്രമേ ഇനി തൽക്കാൽ ടിക്കറ്റുകൾ ഇനി നൽകൂ. ബുക്കിംഗ് സമയത്ത് യാത്രക്കാരൻ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ഈ OTP അയയ്ക്കും, OTP വിജയകരമായി സാധൂകരിച്ചതിന് ശേഷം മാത്രമേ ടിക്കറ്റ് കൺഫോം ആകൂ- വെസ്റ്റേൺ റെയിൽവേ വ്യക്തമാക്കി.
ഐആർസിടിസി വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ബുക്കിംഗ് ചാനലുകളിലും ഈ പുതിയ സംവിധാനം ബാധകമാകും. സുതാര്യമായ തത്കാൽ ബുക്കിംഗുകൾ ഉറപ്പാക്കുകയും, യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ മികച്ച രീതിയിൽ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രമേ ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമുള്ളൂ. ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി കൗണ്ടർ വഴിയുള്ള തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കും. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിക്കുന്നതിനെതിരെ റെയിൽവേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 24 ദശലക്ഷത്തിലധികം ഉപയോക്താക്കളെ റെയിൽവേ ഇത്തരത്തിൽ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഏകദേശം 2 ദശലക്ഷം അക്കൗണ്ടുകൾ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് സംശയമുള്ള അക്കൗണ്ടുകളായി അടയാളപ്പെടുത്തി. ഇവയുടെ ആധാറും മറ്റ് രേഖകളും പരിഗണിച്ചുള്ള അന്വേഷണം നടക്കുകയാണ്.
Post a Comment