Join News @ Iritty Whats App Group

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'


ദില്ലി: കേരളത്തിലെ വിസി നിയമന കേസിൽ കർശന താക്കീതുമായി സുപ്രീംകോടതി. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുഖ്യമന്ത്രി മെറിറ്റ് അവഗണിച്ചുവെന്ന് ഗവർണർക്കു വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയിൽ കുറ്റപ്പെടുത്തി. സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് നൽകിയെങ്കിലും നിയമനം നടന്നിരുന്നില്ല. സാങ്കേതിക സർവകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ. എന്നാൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രിയ ചന്ദ്രനേയും സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിർദ്ദേശം. വിസി നിയമനത്തിൽ തർക്കം തുടരുന്നതിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബഞ്ച് കടുത്ത അതൃപ്തി അറിയിച്ചു.

പുരോഗതിയുണ്ടോയെന്ന ചോദ്യത്തിന് തീരുമാനമായില്ലെന്ന മറുപടിയാണ് ഗവർണറും സംസ്ഥാന സർക്കാരും നൽകിയത്. കേസ് ഇനി പരിഗണിക്കും മുമ്പ് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ ജസ്റ്റിസ് സുധാൻഷു ധൂലിയ നൽകിയ പട്ടികയിൽ നിന്ന് ഏറ്റവും യോഗ്യതയുള്ളവരെ കോടതി നിയമിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുഖ്യമന്ത്രി യോഗ്യത പരിഗണിക്കുന്നില്ലെന്ന് ഗവർണർക്കു വേണ്ടി ഹാജരായ അറ്റോണി ജനറൽ ആ വെങ്കിട്ടരമണി പറഞ്ഞു. രണ്ട് പട്ടികയിലും പേരുള്ളവരല്ലേ കൂടുതൽ യോഗ്യർ എന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. ഗവർണർ യാത്രയിലാണെന്നും തീരുമാനത്തിന് സമയം വേണമെന്നും എജി പറഞ്ഞു. ഇതേ തുടർന്ന് സമവായത്തിന് ശ്രമിക്കുവെന്ന് നിർദ്ദേശിച്ചാണ് കോടതി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.

സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ പ്രിയ ചന്ദ്രനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ചാന്‍സിലറായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പുതിയ സത്യവാങ് മൂലം നൽകിയിരുന്നു. ധൂലിയ സമിതി നൽകിയ രണ്ട് പട്ടികയിലും ഇടം നേടിയവരാണ് ഇവരെന്ന് ചൂണ്ടികാണിച്ചാണ് ഗവര്‍ണറുടെ സത്യവാങ്മൂലം. സമിതി നൽകിയ റിപ്പോർട്ടിലെ മെറിറ്റ് മുഖ്യമന്ത്രി അട്ടിമറിച്ചുവെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇരു സർവകലാശാലകളുടെയും വിസി നിയമനത്തിന് സിസ തോമസിനെ ഒഴിവാക്കിയാണ് മുഖ്യമന്ത്രി പട്ടിക നൽകിയതെന്നും വിസിയായിരുന്ന കാലത്ത് സിസ സർവകലാശാലയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാരോപിച്ചാണ് മുഖ്യമന്ത്രി ഇവരെ ഒഴിവാക്കിയതെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. മാധ്യമവാര്‍ത്തകള്‍ ആയുധമാക്കിയാണ് മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയതെന്നും ഗവര്‍ണറുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group