പത്രവാര്‍ത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്ബതികള്‍
കണ്ണൂർ: സൈബർ തട്ടിപ്പിനെക്കുറിച്ചുള്ള പത്രവാർത്ത വായിച്ചതിലൂടെ സമാനമായ തട്ടിപ്പില്‍ അകപ്പെട്ട ദമ്ബതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കണ്ണൂർ സൈബർ ക്രൈം പൊലിസ് നേരത്തെ ഡോക്ടർ ദമ്ബതികളെ സമാനമായ 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള പത്രവാർത്ത കണ്ടതോടെയാണ് തങ്ങളും കുടുങ്ങിയെന്ന് ഈ ദമ്ബതികള്‍ക്ക് മനസ്സിലായത്.
രക്ഷപ്പെട്ടത് ഇങ്ങനെ
തലേദിവസം, തട്ടിപ്പുകാർ ഈ ദമ്ബതികളെ 'ഡിജിറ്റല്‍ അറസ്റ്റില്‍' നിർത്തുകയും ഭീഷണിക്ക് വഴങ്ങി പണം നല്‍കുന്ന ഘട്ടം വരെ എത്തിക്കുകയും ചെയ്തിരുന്നു.തൊട്ടടുത്ത ദിവസമാണ് ഡോക്ടർ ദമ്ബതികളെ തട്ടിപ്പില്‍ നിന്ന് രക്ഷിച്ച വാർത്ത ഇവർ പത്രത്തില്‍ കണ്ടത്.ഉടൻതന്നെ ഇവർ കണ്ണൂർ സൈബർ ക്രൈം പൊലിസുമായി ബന്ധപ്പെടുകയായിരുന്നു.
തട്ടിപ്പിന്റെ രീതി
തട്ടിപ്പുകാർ സിബിഐ, ട്രായ് (TRAI) ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് ദമ്ബതികളെ വിളിച്ചത്.ഇവരുടെ പേരില്‍ ഒരു സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും, നടപടികളുടെ ഭാഗമായി ഉടൻ വീഡിയോ കോളില്‍ ഹാജരാകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു.തുടർന്ന്, ദമ്ബതികളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു അക്കൗണ്ടിലേക്ക് താല്‍ക്കാലികമായി മാറ്റണമെന്നും, കേസ് ഒത്തുതീർപ്പാക്കിയ ശേഷം പണം തിരികെ നല്‍കാമെന്നും അറിയിച്ചു.കുറ്റകൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് ഇവരുടെ പേരില്‍ രജിസ്റ്റർ ചെയ്തതാണെന്നും, ആധാർ കാർഡ് ഉപയോഗിച്ച് തുറന്ന അക്കൗണ്ടിലേക്ക് തട്ടിപ്പുപണം വന്നിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു.
തെളിവിനായി, ഇരയുടെ പേര് ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയ എഫ്‌ഐആർ കോപ്പിയുടെയും എടിഎം കാർഡിന്റെയും ചിത്രങ്ങളും ഇവർ ദമ്ബതികള്‍ക്ക് അയച്ചുകൊടുത്തു.പത്രവാർത്ത സമയബന്ധിതമായി ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് മാത്രമാണ് ഈ ദമ്ബതികള്‍ക്ക് പണം നഷ്ടപ്പെടാതെ രക്ഷപ്പെടാൻ സാധിച്ചത്.
Post a Comment