Join News @ Iritty Whats App Group

രാഹുലിന്‍റെ റൂട്ട് അവ്യക്തം, എംഎൽഎ പാലക്കാട് വിട്ടത് അതിവിദഗ്ധമായി; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമം

രാഹുലിന്‍റെ റൂട്ട് അവ്യക്തം, എംഎൽഎ പാലക്കാട് വിട്ടത് അതിവിദഗ്ധമായി; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമം


പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിന്‍റെ റൂട്ട് അവ്യക്തം. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുൽ പോയ വഴി കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബലാത്സംഗ കേസിൽ രാഹുൽ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പൊലീസിന്‍റെ ഊര്‍ജ്ജിത നീക്കം.

കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലിസിന്‍റെ കീഴിൽ പ്രത്യേക സംഘമുണ്ട്. ഇതിന് പുറമേ ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്തനായി ഓരോ സംഘങ്ങളെയും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് ഓരോ ജില്ലയിലെയും പരിശോധന. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തെരച്ചിൽ പുരോഗമിക്കുകയാണ്. പാലക്കാട്, പത്തനംതിട്ട ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപക പരിശോധന. രാഹുലിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ ഉള്‍പ്പെടെ പരിശോധന നടന്നു. രാഹുലുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഇതിലൂടെ രാഹുലിലേക്കും ജോബിയിലേക്കും എത്താനാകുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group