Join News @ Iritty Whats App Group

പോറ്റിയെ കേറ്റിയേ പാട്ടിൽ കേസ്, ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; 'കേസ് സർക്കാരിന്‍റെ നയമല്ല, സ്വാഭാവിക നടപടി മാത്രം'

പോറ്റിയെ കേറ്റിയേ പാട്ടിൽ കേസ്, ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; 'കേസ് സർക്കാരിന്‍റെ നയമല്ല, സ്വാഭാവിക നടപടി മാത്രം'


തിരുവനന്തപുരം: വിവാദമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിൽ പൊലീസ് കേസെടുത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സർക്കാരിന്‍റെ നയമല്ലെന്നും പരാതിയിൽ പൊലീസ് കേസെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു. ഏതെല്ലാം തരത്തിലുള്ള പാട്ടുകൾ വരാറുണ്ട്? ഒരു പരാതി ചെന്നാൽ കേസെടുത്തിട്ടുണ്ടാകും, പക്ഷേ പിന്നീട് സർക്കാരിന്റെ നയമാണ് നടപ്പാക്കുക. കേസ് കേസിന്‍റെ വഴിക്ക് പോകും. സർക്കാരിന് ഇത്തരം കാര്യങ്ങളിൽ കൃത്യമായ നയമുണ്ട്. ആ നയം ഇത് പോലുള്ള കാര്യങ്ങളെ കേസുകൊണ്ട് നേരിടുക എന്നതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എൽഡിഎഫ് സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ ചെയ്യുന്നതും ആനുകൂല്യങ്ങൾ നൽകുന്നതും വോട്ടിന് വേണ്ടിയല്ല. ജനങ്ങളുടെ അവകാശമാണ് ഇതെല്ലാം ലഭ്യമാകുക എന്നത്. സർക്കാരിന്‍റെ ഔദാര്യമല്ല. സർക്കാരിന് പരിമിതികളുണ്ട്. എന്നാൽ അതിനുള്ളിൽ നിന്ന് ജനങ്ങളെ സഹായിക്കുക എന്നതാണ് സർക്കാർ ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി നാടിന് വരുന്ന മാറ്റങ്ങൾ നാം കാണണം. ഏറ്റവും കുറവ് ദാരിദ്യം കേരളത്തിലാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തെ നവംബർ 1ന് അതിദാരിദ്ര മുക്ത കേരളമായി പ്രഖ്യാപിച്ചു. 1600 രൂപ വീതം 60 ലക്ഷം ആളുകളുടെ കൈകളിലെത്തിയിരുന്നു. ഇന്ന് അത് 2000 രൂപയാണ്. പാവപ്പെട്ട ജനങ്ങൾക്കാണ് ഇത് ലഭിക്കുന്നത്. ഇത്തരം ചെറിയ കാര്യങ്ങളാണ് ആ നേട്ടത്തിന് കാരണമായത്. ഇന്ത്യയിൽ കേരളത്തേക്കാൾ വിഭവ ശേഷിയുള്ള സംസ്ഥാനങ്ങുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് അല്ലെന്നും തിരുത്തൽ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല വിവാദം എൽഡിഎഫിന് എതിരല്ല. കോൺഗ്രസ്സും ബിജെപിയും ശബരിമലയുമായി ബന്ധപ്പെട്ട് വലിയ തോതിൽ പ്രചാരണം നടത്തി. സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിച്ചു. ഹൈക്കോടതി നിയോഗിച്ച എസ്ഐടിയെ സർക്കാർ പിന്തുണച്ചു. എസ്ഐടി വന്നപ്പോൾ സിബിഐക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എസ്ഐടി ഫലപ്രദമായി പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group