Join News @ Iritty Whats App Group

'വലിയ ആശങ്കയുണ്ട്, ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്': ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ

'വലിയ ആശങ്കയുണ്ട്, ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്': ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ


കൊച്ചി: മഹാരാഷ്ട്രയിൽ സിഎസ്ഐ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രിസ്തീയ വിശ്വാസങ്ങൾക്കും വൈദികർക്കും എതിരായി നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണ്. മതേതര രാഷ്ട്രമായ ഇന്ത്യയിൽ ആരാധന നടത്തുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്. മതന്യൂനപക്ഷം, ഭൂരിപക്ഷം എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേപോലെയുള്ള അവകാശമാണ് ഭരണഘടന നൽകുന്നത്. അതിന് വിപരീതമായി പ്രവർത്തിക്കുന്നവർ മനുഷ്യ സമൂഹത്തിന് അപമാനമാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ നൽകുന്ന ഏത് ഭരണാധികാരി ആയാലും അദ്ദേഹം ഭരണഘടനയ്ക്ക് വിപരീതമായി പ്രവർത്തിക്കുന്നയാളാണ്. ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കണം. ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്. വലിയ ആശങ്കയോട് കൂടിയാണ് ആവർത്തിക്കുന്ന സംഭവങ്ങളെ സഭ കാണുന്നത്. ഈ വിഷയങ്ങളിൽ ശക്തമായ രീതിയിൽ ക്രിസ്തീയ സമൂഹത്തിന്റെ പ്രതികരണം ഉണ്ടാകുമെന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ്ഐ വൈദികന് ജാമ്യം

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഷിങ്കോരി ഗ്രാമത്തിൽ ഇന്നലെ വൈകിട്ടോടെയാണ് സിഎസ്ഐ സഭയിലെ പുരോഹിതരും വിശ്വാസികളും ഉൾപ്പെടെയുള്ളവരെ ബജരംഗ് ദൾ പ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെച്ചതും പിന്നീട് പൊലീസിന് കൈമാറിയതും. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ എട്ടു പേരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് രാത്രി തന്നെ ഇവരെ ബനോട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഇവര്‍ക്കൊപ്പമുള്ള മറ്റുള്ളവരെ കൂടി കേസിൽ ഉള്‍പ്പെടുത്തുന്നത്.

ബിഎൻഎസ് 299 പ്രകാരം മതവികാരം വ്രണപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തത്. എന്നാൽ, ഒരാളെയും മതം മാറ്റിയിട്ടില്ലെന്നും സുഹൃത്തായ പാസ്റ്ററുടെ വീട്ടിൽ ജന്മദിനം ആഘോഷിക്കാനും ക്രിസ്മസ് പ്രാർത്ഥനയിൽ പങ്കെടുക്കാനും പോയപ്പോഴാണ് ബജരംഗ്ദൾ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയതെന്നും സുധീറിന്‍റെ ഭാര്യ ജാസ്മിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.</p><p>നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ്ഐ വൈദികന് ഇന്ന് ജാമ്യം ലഭിച്ചു. മലയാളി വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു വൈദികർ അടക്കമുള്ള ഏഴു പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്.

വൈദികനെയും കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെയും അന്വേഷിച്ച് സ്റ്റേഷനിലെത്തിയ നാലു പേരെ കോടതി ഇടപെടലിനെ തുടര്‍ന്ന് കേസിൽ നിന്ന് ഒഴിവാക്കി. മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ലെന്നും ജാമ്യം ലഭിച്ചശേഷം ഫാ. സുധീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ ആണെന്നും ഇവരിൽനിന്ന് നേരത്തെ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജാസ്മിൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group