Join News @ Iritty Whats App Group

തദ്ദേശ തിരഞ്ഞെടുപ്പ് : ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവികള്‍

തദ്ദേശ തിരഞ്ഞെടുപ്പ് : ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവികള്‍


ണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മീഷണർ പി.നിധിന്‍ രാജ്, റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ എന്നിവർ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ചുമതലകള്‍ക്ക് കണ്ണൂര്‍ സിറ്റിക്ക് കീഴില്‍ കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്ബ് സബ്ഡിവിഷനുകളിലായി 2500 ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ജില്ലയില്‍ റൂട്ട് മാര്‍ച്ച്‌ നടത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഗ്രൂപ്പ് പെട്രോളിങ് നടത്തും.

ഏതെങ്കിലും രീതിയില്‍ ആളുകളെ സ്വാധീനിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വീഡിയോഗ്രഫി സംവിധാനം ഉപയോഗിക്കുന്നുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ മുനിസിപ്പാലിറ്റി ആക്‌ട്, പഞ്ചായത്ത് രാജ് ആക്‌ട് പ്രകാരമുള്ള കേസ് എടുക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അബ്കാരി പരിശോധന വരും ദിവസങ്ങളില്‍ പോലീസ് കര്‍ശനമാക്കും. വോട്ടെടുപ്പ് ദിനവും വോട്ടെണ്ണല്‍ ദിവസവും ക്രമസമാധാന പരമാകുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള പോസ്റ്റുകളോ അത്തരത്തിലുള്ള കമന്റുകളോ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നുണ്ടെങ്കില്‍ അതിനെതിരെ കൃത്യമായ ഇടപെടലുകള്‍ പോലീസിന്റെ ഭാഗത്തുണ്ടാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രമസമാധാന ലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ 9497927740 എന്ന കണ്‍ട്രോള്‍ റൂം നമ്ബറില്‍ അറിയിക്കാം. വാട്‌സ്‌ആപ്പ് മെസ്സേജ്, വോയിസ് നോട്ട് എന്നീ രീതിയിലോ ഫോണ്‍ വിളിച്ചോ പൊതു ജനങ്ങള്‍ക്ക് പോലീസുമായി ബന്ധപ്പെടാം.

കണ്ണൂര്‍ റൂറല്‍ പരിധിയിലെ മുഴുവന്‍ പഞ്ചായത്തുകളിലുമായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 2600-ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ തടയുന്നതിനായി പ്രതിരോധ നടപടികളും പ്രത്യേക വാറണ്ട് ഡ്രൈവുകളും റൂട്ട് മാര്‍ച്ചുകളും നടത്തി. കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.56 ഗ്രൂപ്പ് പെട്രോള്‍ ടീമുകള്‍ ഉണ്ടാകും. എല്ലാ ടീമുകളിലും വീഡിയോഗ്രാഫര്‍മാര്‍ ഉണ്ടായിരിക്കും. 38 ക്രമസമാധാന പെട്രോള്‍ ടീമുകളും 19 സ്റ്റേഷന്‍ സ്‌ട്രൈക്ക് ഫോഴ്‌സുകളും ഉണ്ടാകും.

തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ സബ് ഡിവിഷന്‍, സ്റ്റേഷന്‍ തലങ്ങളില്‍ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമായി 9497935648 എന്ന നമ്ബറില്‍ ഒരു പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഈ നമ്ബറില്‍ അറിയിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. സമാധാനപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും റൂറല്‍ എസ് പി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group