ഇനി 4 ജിയിലേക്ക്; ബിഎസ്എൻഎൽ 3-ജി സേവനങ്ങൾ നിർത്തുന്നു; സ്വകാര്യ കമ്പനികളുമായി ചേർന്ന് 5 -ജി സേവനം ഉടൻ
പരവൂർ: പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 3- ജി സേവനങ്ങൾ അവസാനിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലങ്കിലും ഇതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.4 -ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിച്ചതിന് പിന്നാലെയാണ് 3 – ജി സേവനങ്ങൾ അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്ത് നിലവിൽ 97,481 4- ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്.
ഇതിന്റെ എണ്ണം വർധിപ്പിക്കാനും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ബിഎസ്എൻഎല്ലിന് രാജ്യത്ത് 3 – ജി ടവറുകൾ 58, 919 എണ്ണമുണ്ട്. 3 -ജി സേവനം നൽകുന്നതിനായി ബിഎസ്എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനിയുമായുള്ള കരാർ ഉടൻ അവസാനിപ്പിക്കാനാണ് തീരുമാനം. 3 – ജി സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ എല്ലാ സർക്കിളുകൾക്കും നിർദേശം നൽകി കഴിഞ്ഞതായാണ് വിവരം.
2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 9. 23 കോടി മൊബൈൽ വരിക്കാരാണ് ബിഎസ്എൻഎല്ലിനുള്ളത്. ഇതിൽ ഏഴ് കോടി ആൾക്കാർ ഇപ്പോഴും 3 – ജി സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്രയും പേർക്കും ബിഎസ്എൻഎൽ ഓഫീസിലെത്തി 4 – ജി സിമ്മുകൾ എടുക്കുന്നതിനുള്ള അവസരം നൽകും.
അതേ സമയം ബിഎസ്എൻഎല്ലിന്റെ അധിക 4 -ജി സൈറ്റുകളും 5 -ജി അപ്ഗ്രേഡും ഉണ്ടാകുമെന്നാണ് സ്ഥാപന മേധാവികൾ നൽകുന്ന സൂചന. സമീപഭാവിയിൽ തന്നെ 23, 000 നാലാം തലമുറ (4- ജി) സൈറ്റുകൾ കൂടി പുറത്തിറക്കും. കൂടാതെ സ്വകാര്യ മേഖലയിലെ കമ്പനികളുമായി മത്സരിക്കുന്നതിന് അടുത്ത തലമുറ (5-ജി) സാങ്കേതിക വിദ്യയിലേക്ക് നെറ്റ്വർക്കുകളെ അപ്ഗ്രേഡ് ചെയ്യും.
ഇതു കൂടാതെ വരുമാന ഷെയറിംഗ് അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനികളുമായി 5 -ജി സേവനം പങ്കിടാനും ബിഎസ്എൻഎൽ ആലോചിക്കുന്നുണ്ട്.ഇതിന്റെ പൈലറ്റ് പ്രോജക്ടുകൾ പണിപ്പുരയിലാണ്. മാത്രമല്ല 4 – ജി കവറേജ് സമ്പൂർണമായി കഴിഞ്ഞാൽ അവയെല്ലാം 5 -ജിയിലേക്ക് ഉയർത്താനുമാണ് തീരുമാനം. 4 – ജി സേവനങ്ങളിൽ നിലവിൽ ചിലയിടങ്ങളിൽ ഉണ്ടായിരുന്ന സാങ്കേതിക തകരാറുകൾ പൂർണമായും പരിഹരിച്ച് കഴിഞ്ഞു.
Post a Comment