പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ(FSSAI). ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകൾ പറയുന്നു. പക്ഷിപ്പനി മൂർച്ഛിച്ച സാഹചര്യത്തിൽ ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാഭരണകൂടം വ്യക്തമാക്കി. ക്രിസ്തുമസ് വിപണിക്കായി തയ്യാറെടുത്തു നിൽക്കുമ്പോഴാണ് കർഷകരുടെ പ്രതീക്ഷയെ തകിടം മറിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയിൽ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കിയത്.
ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പക്ഷികൾ അസ്വാഭാവികമായി കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാൻ കർശന ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്.
Post a Comment