അഭിഷേകത്തിന് വെള്ളം കോരുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ക്ഷേത്രക്കിണറ്റിൽ വീണ് 20കാരനായ കീഴ്ശാന്തിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ക്ഷേത്രക്കിണറ്റിൽ വീണ് കീഴ്ശാന്തിക്ക് ദാരുണാന്ത്യം. അട്ടക്കുളങ്ങര പുത്തൻതെരുവ് ഗ്രാമ സമുച്ചയം അഗ്നിശ്വര മഹാദേവക്ഷേത്രം വക കിണറ്റിലാണ് കീഴ്ശാന്തി നവനീത് (20) വീണത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അഭിഷേകത്തിനായി വെള്ളം കോരുന്നതിനിടക്കാണ് അപകടം. ക്ഷേത്രമേൽശാന്തിയായ അച്ഛനെ സഹായിക്കാൻ കീഴ്ശാന്തിയായി എത്തിയതാണ് നവനീത്. അഭിഷേകത്തിനായി കിണറിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് 22 അടി താഴ്ചയുള്ള കിണറ്റിലേക്ക് നവനീത് വീണത്.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ഫയർഫോഴ്സിന് വിവരമറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തുന്നതിനു മുമ്പേ ക്ഷേത്ര ജീവനക്കാരും നാട്ടുകാരും ചേർന്ന് നവനീതിനെ പുറത്തെടുത്തു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപസ്മാരം ബാധിച്ച് കിണറിൽ വീണതാണെന്നാണ് സംശയം.രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് നവനീത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment