Join News @ Iritty Whats App Group

നിർമാണച്ചട്ടം ലംഘനം: കണ്ണൂർ കാൽടെക്സിലെ 10 നില കെട്ടിടം പൊളിക്കൽ തുടങ്ങി

നിർമാണച്ചട്ടം ലംഘനം: കണ്ണൂർ കാൽടെക്സിലെ 10 നില കെട്ടിടം പൊളിക്കൽ തുടങ്ങി


 
നിർമാണച്ചട്ടം ലംഘിച്ച് കാൽടെക്‌സ് പ്രദേശത്ത് നിർമിച്ച 10 നില കെട്ടിടം പൊളിച്ചു നീക്കണമെന്ന കണ്ണൂർ കോർപറേഷൻ നിർദേശത്തെ തുടർന്ന് പൊളിക്കൽ നടപടികൾ ആരംഭിച്ചു. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് യന്ത്രഭാഗങ്ങൾ മുകളിലേക്ക് എത്തിച്ചാണ് കെട്ടിടം ഘട്ടംഘട്ടമായി പൊളിക്കുന്നത്.
എൻ.എസ്. ടാക്കീസിന് സമീപം ഏകദേശം 10 വർഷം മുൻപ് നിർമിച്ച് പാതി പൂർത്തിയായ നിലയിൽ നിലകൊണ്ടിരുന്ന കെട്ടിടമാണ് ഇപ്പോൾ പൊളിച്ചു നീക്കുന്നത്. കോർപറേഷനിൽ സമർപ്പിച്ച പ്ലാനിന് വിരുദ്ധമായാണ് നിർമാണം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 7 നിലകൾക്കാണ് അനുമതി ലഭിച്ചിരുന്നത്, എന്നാൽ അനുമതിയില്ലാതെ 10 നിലകൾ നിർമിച്ചതായാണ് പരിശോധനയിൽ കണ്ടെത്തിയത്.

ചെറിയ സ്ഥലത്ത് കൂറ്റൻ കെട്ടിടം നിർമിച്ചത് അനധികൃതമാണെന്നും നിർമാണച്ചട്ടങ്ങൾ ഗുരുതരമായി ലംഘിച്ചതിനാലാണ് പൊളിക്കൽ നടപടിയെന്നും അധികൃതർ വ്യക്തമാക്കി. നേരിട്ട് പൊളിച്ചു നീക്കാനുള്ള നടപടി നേരിടുന്ന നഗരത്തിലെ ആദ്യ കെട്ടിടം എന്ന പ്രത്യേകതയും ഇതിന് ഉണ്ടാകും.

മുൻപ് വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില കെട്ടിടങ്ങളുടെ തള്ളിനിൽക്കുന്ന ഭാഗങ്ങൾ മാത്രം പൊളിച്ചു നീക്കിയിരുന്നെങ്കിലും, മുഴുവൻ കെട്ടിടം പൊളിക്കുന്ന അപൂർവ നടപടിയാണ് ഇപ്പോൾ നടക്കുന്നത്.

തലശ്ശേരി ഭാഗത്ത് നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ കാൽടെക്സിന് സമീപം തലയുയർത്തി നിന്നിരുന്ന ഈ കെട്ടിടത്തിന്റെ പത്ത് നിലകളിലും പുറംചുമരുകളുടെ നിർമാണം ഉൾപ്പെടെ പൂർത്തിയായിരുന്നു. നടപടി ഒഴിവാക്കാൻ വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇതിനെ തുടർന്നാണ് പൊളിക്കൽ ആരംഭിച്ചതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

നിശ്ചിത അളവിൽ പാർക്കിങ് സൗകര്യം ഇല്ലെന്ന കാരണത്താൽ നഗരത്തിൽ പല കെട്ടിടങ്ങൾക്കെതിരെയും മുൻപ് നടപടി ഉണ്ടായിരുന്നെങ്കിലും, പിന്നീട് അപാകതകൾ പരിഹരിച്ച് അനുമതി നൽകുകയായിരുന്നു പതിവ്. എന്നാൽ ഈ കേസിൽ നിർമാണത്തിലെ ഗുരുതരമായ അശാസ്ത്രീയതകൾ കാരണം പൊളിക്കൽ ഒഴിവാക്കാനായില്ലെന്നാണ് വിശദീകരണം

Post a Comment

Previous Post Next Post
Join Our Whats App Group