ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും
തിരുവനന്തപുരം: കേരളത്തിൽ ക്രിസ്തുമസ് സ്കൂൾ അവധി നാളെ മുതൽ. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ക്രിസ്മസ് അവധിക്കൊപ്പം വാരാന്ത്യങ്ങളും കൂടി ഉൾപ്പെടുമ്പോൾ ഇത്തവണ കേരളത്തിലെ സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് അവധി ആഘോഷങ്ങൾക്ക് ദൈര്‍ഘ്യം കൂടും. രക്ഷിതാക്കൾക്കും കുട്ടികൾക്കും ആഘോഷിക്കാൻ 12 ദിവസമാണ് അവധി ലഭിക്കുക. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കിൽ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വർധിച്ചത്. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ ഇന്ന് അവസാനിക്കും.
ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ സ്കൂൾ അവധി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉൾപ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങൾ ഏകദിന അവധിയിൽ ഒതുക്കിയപ്പോൾ, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.
അവധി വിവരങ്ങൾ
ദില്ലി - ഡിസംബർ 25 പൊതുഅവധി
ദില്ലിയിലെ സ്കൂളുകൾക്ക് ഡിസംബർ 25ന് അവധിയായിരിക്കും. ഡിസംബർ 24 നിയന്ത്രിത അവധിയായതിനാൽ, അന്ന് സ്കൂൾ പ്രവർത്തിപ്പിക്കണമോ വേണ്ടയോ എന്ന് അതത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം.
ഉത്തർപ്രദേശ് - ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിക്കും
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ഡിസംബർ 25ന് സ്കൂളുകൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്‍ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്.
പഞ്ചാബ് - ദീർഘകാല അവധി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം സ്കൂൾ അവധി നൽകുന്നത് പഞ്ചാബിലാണ്. ഡിസംബർ 22 മുതൽ ജനുവരി 10 വരെയാണ് അവിടെ ശൈത്യകാല അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജസ്ഥാൻ - ഡിസംബർ 25 മുതൽ ജനുവരി 5 വരെ
രാജസ്ഥാനിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ 25 മുതൽ ജനുവരി 5 വരെ ശൈത്യകാല അവധിയായിരിക്കും.
ഹരിയാന, തെലങ്കാന, ആന്ധ്രപ്രദേശ്
ഹരിയാന: ഡിസംബർ 25-ന് മാത്രം അവധി. ജനുവരിയിലെ ശൈത്യകാല അവധി പിന്നീട് പ്രഖ്യാപിക്കും.
തെലങ്കാന: മിഷനറി സ്കൂളുകൾക്കും ക്രിസ്ത്യൻ മൈനോരിറ്റി സ്കൂളുകൾക്കും ഡിസംബർ 23 മുതൽ 27 വരെ അവധി നൽകിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ ഡിസംബർ 25ന് മാത്രമായിരിക്കും അവധി.
ആന്ധ്രപ്രദേശ്: ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കുന്നു. ഡിസംബർ 25 പൊതു അവധിയായിരിക്കും.
അതാത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകൾ പുറപ്പെടുവിക്കുന്ന കൃത്യമായ സർക്കുലറുകൾ പരിശോധിക്കാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
Post a Comment